ന്യൂദല്‍ഹി: ബലൂച് വിമോചന നേതാവ് നവാബ് ബ്രഹുംദാ ബുക്തി ഭാരതീയ തിരിച്ചറിയല്‍ കാര്‍ഡ് വേണമെന്നാവശ്യപ്പെട്ടു. ബലൂച് വിമോചന പോരാട്ടങ്ങളുടെ തട്ടകമായി ഭാരതത്തെ സ്വീകരിക്കാനുള്ള ബുക്തിയുടെ ശ്രമങ്ങളുടെ ഭാഗമായാണിത്.
നിലവില്‍ സ്വിറ്റ്‌സര്‍ലന്റ് കേന്ദ്രമാക്കിയാണ് ബുക്തിയുടെ പാര്‍ട്ടി പ്രവര്‍ത്തനം. പക്ഷേ സര്‍ക്കാര്‍ അനുമതിയില്ല. ഈ വര്‍ഷമാദ്യം സ്വിസ് സര്‍ക്കാരിന്റെ അംഗീകൃത രേഖകള്‍ക്കായി ശ്രമിച്ചിരുന്നെങ്കിലും നിരസിച്ചു. അന്നുമുതല്‍ പാക്കിസ്ഥാന്റെ സമ്മര്‍ദ്ദത്താല്‍, തീവ്രവാദ പ്രവര്‍ത്തനം നടത്തുന്ന സംഘടനകളെന്ന നിരീക്ഷണ പട്ടികയിലാണ് ബുക്തിയുടെ പാര്‍ട്ടി.
തുറന്ന ജയിലില്‍ അടച്ചിട്ടതു പോലെയാണ് സ്വിസ് സര്‍ക്കാരിന്റെ സമീപനമെന്നു ബുക്തി അഭിപ്രായപ്പെട്ടു. അതിനാല്‍, ബലൂചിലെ മനുഷ്യാവകാശ ലംഘനത്തിനെതിരെ നടത്തുന്ന അന്താരാഷ്‌ട്രതല പ്രചാരണങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് അദ്ദേഹം.
ബലൂച് പ്രശ്‌നത്തില്‍ ബുക്തിയുടെ ഭാരത അനുകൂല പ്രസ്താവനകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞതോടെയാണ് ശ്രദ്ധേയനാനായത്.
ബലൂചികള്‍ 13ന് യുഎന്‍ മാര്‍ച്ച് നടത്തും
ന്യൂദല്‍ഹി: ബലൂച് വിമോചന പ്രസ്ഥാനം ന്യൂയോര്‍ക്കില്‍ യുഎന്‍ ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തും. സപ്തംബര്‍ 13 ന് ജനറല്‍ അസംബ്ലി ചേരുന്ന വേളയിലാണ് മാര്‍ച്ച്.
പാക്കിസ്ഥാന്‍ കൈയടക്കിയിരിക്കുന്ന ബലൂചിസ്ഥാനിലെ മനുഷ്യാവകാശ ലംഘനം ലോക ശ്രദ്ധയില്‍ കൊണ്ടുവരുകയാണ് ലക്ഷ്യം.
ബലൂചില്‍ 5000 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്, 2000 പേരിലേറെ പാക്കിസ്ഥാന്‍ കസ്റ്റഡിയിലുണ്ട്. ഇതൊന്നും പുറം ലോകം അറിഞ്ഞിട്ടില്ല, ബലൂച് വിമോചന പ്രസ്ഥാനത്തിന്റെ പത്രക്കുറിപ്പില്‍ പറയുന്നു.
















