പയ്യന്നൂര്‍: ചെറുതാഴം ശ്രീകൃഷണപുരം ക്ഷേത്രത്തില്‍ യോഗക്ഷേമ സഭയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന കൃഷ്ണ യജുര്‍വേദ തൈത്തിരീയ സംഹിത മുറജപം ആരംഭിച്ചു. കൊമ്പങ്കളം സാരസ്വത് നമ്പൂതിരിയാണ് മുറ ജപിക്കുന്നത്. ശ്രീ രാഘവപുരംക്ഷേത്രത്തില്‍ നെയ്യമൃത് സമര്‍പ്പിച്ച് പൂര്‍ണ്ണ കുംഭത്തോടും ആചാര്യനെ ജപമണ്ഡപത്തിലേക്കാനയിച്ചു.
മേല്‍ ശാന്തി ഉപ്പിലി വാധ്യാന്‍ വാസുദേവന്‍ നമ്പൂതിരിയും ട്രസ്റ്റി വാരണക്കോട് കൃഷ്ണന്‍ നമ്പൂതിരിയും ഭദ്രദീപം കൊളുത്തി. വാച്ച വാദ്ധ്യാന്‍ മാധവന്‍ നമ്പൂതിരി, പെരിഗമന വാദ്ധ്യാന്‍ കേശവന്‍ നമ്പൂതിരി, കണ്ണാടി വാസുദേവന്‍ നമ്പൂതിരി, കൊമ്പങ്കുളം വിഷ്ണു നമ്പൂതിരി തുടങ്ങിയ വൈദിക പണ്ഡിതരും യോഗക്ഷേമസഭ ഭാരവാഹികളും ബ്രാഹ്മണ ശ്രേഷ്ഠരും സംബന്ധിച്ചു. മുറജപം ഇന്ന് വൈകിട്ട് സമാപിക്കും.















