മയ്യില്‍: മയ്യില്‍ പഞ്ചായത്തിലെ അയ്യായിരത്തോളം കുടുംബശ്രീ അംഗങ്ങള്‍ ഞായറാഴ്ച മുതല്‍ പുസ്തകം വായിക്കും. മയ്യില്‍ പഞ്ചായത്ത് കുടുംബശ്രി സിഡിഎസിന്റെയും ലൈബ്രറി കൗണ്‍സില്‍ പഞ്ചായത്ത് നേതൃസമിതിയുടെയും നേതൃത്വത്തിലാണ് 249 കുടുംബശ്രീ അയല്‍കൂട്ടങ്ങളില്‍ പുസ്തക വായന തുടങ്ങുന്നത്. കുടുംബശ്രീ കേന്ദ്രീകരിച്ച് തൊട്ടടുത്ത വായനശാലകള്‍ പുസ്തകം വിതരണം ചെയ്യും. ലൈബ്രറി കൗണ്‍സില്‍ തളിപ്പറമ്പ് താലുക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന വായനാപഥം പരിപാടിയുടെ ഭാഗമായാണ് പുസ്തക വായന നടത്തുന്നത്. 4 മുതല്‍ എല്ലാ ആഴ്ചയും കുടുംബശ്രീകള്‍ക്ക് പുസ്തക വിതരണം നടത്തും. മയ്യില്‍ പഞ്ചായത്തിലെ 32 വായനശാലകളില്‍ നിന്നാണ് പുസ്തകം എത്തിക്കുക.
പദ്ധതിയുടെ ഉദ്ഘാടനം മയ്യില്‍ പഞ്ചായത്ത് ഹാളില്‍ ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി.കെ.ബൈജു നിര്‍വ്വഹിച്ചു. മയ്യില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ബാലന്‍ അധ്യക്ഷത വഹിച്ചു.















