കായംകുളം: ആരോരും ആശ്രയമില്ലാതെ കഴിഞ്ഞിരുന്ന കണ്ടല്ലൂര്‍ 13-ാം വാര്‍ഡ് പുലത്തറ വടക്കേതില്‍ പൊടിയന്‍ (70), ഭാര്യ രാധ (65) എന്നിവരെ അടൂര്‍ മഹാത്മാ ജനസേവനകേന്ദ്രം ഏറ്റെടുത്തു.
ഹോട്ടല്‍ ജീവനക്കാരനായിരുന്ന പൊടിയന്‍ പ്രായാധിക്യത്താല്‍ തളര്‍ച്ചയിലായതോടെ ജോലി ചെയ്യാന്‍ കഴിയാതെയായി. രാധയുടെ കാലുകളുടെ ചലന ശേഷി നഷ്ടമായതോടെ കിടപ്പിലുമായി. നാട്ടുകാരുടെ സഹായത്താലാണ് നിത്യവൃത്തി നടത്തിയിരുന്നത്.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ശോഭയാണ് ഇവരുടെ ദുരവസ്ഥ മഹാത്മായില്‍ അറിയിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.വി. രഞ്ജിത്ത്, പൊതു പ്രവര്‍ത്തകനായ എ. മണിലാല്‍, കെ.എസ്. ആനന്ദചന്ദ്രന്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ മഹാത്മാ ജനസേവനകേന്ദ്രം ചെയര്‍മാന്‍ രാജേഷ് തിരുവല്ല, സെക്രട്ടറി പ്രീഷില്‍സ എന്നിവരുടെ നേതൃത്വത്തില്‍ ഇവരെ ഏറ്റെടുത്ത് അടൂരിലേക്ക് കൊണ്ടുപോയി. ഇവരുടെ തുടര്‍ സംരക്ഷണവും ചികിത്സയും ഉറപ്പാക്കുമെന്ന് ചെയര്‍മാന്‍ അറിയിച്ചു.
















