ആലപ്പുഴ: വിദ്യാഭ്യാസ വകുപ്പ് സംസ്ഥാനത്ത് നടപ്പാക്കുന്ന ഹൈടെക് സ്‌കൂളുകളുകളില്‍ പ്രയോജനപ്പെടുത്തേണ്ട ഡിജിറ്റല്‍ ഉള്ളടക്കനിര്‍മാണത്തെ സംബന്ധിച്ചുള്ള ആശയ രൂപീകരണ ശില്പശാല ആരംഭിച്ചു. ക്ലാസ്‌റൂം വിനിമയത്തിന് അനുയോജ്യമായ ഡിജിറ്റല്‍ പഠനവിഭവങ്ങള്‍ ഉപയോഗിക്കാനും തയാറാക്കാനും അീറഛ്യാപകന്‍ പ്രാപ്തനാകേണ്ടതുണ്ട്. ഇതോടൊപ്പം ലഭ്യമായ പഠനവിഭവങ്ങളുടെ ഉള്ളടക്കം കാര്യമായി പരിചയപ്പെടാനും തിരിച്ചറിയാനും കഴിയേണ്ടതുണ്ട്. ഉള്ളടക്കബദ്ധിതമായ വിവരവിനിമയ സാങ്കേതികവിദ്യയുടെ ഉപയോഗശീലം അദ്ധ്യാപകരിലും കുട്ടികളിലും വളര്‍ത്തിയെടുത്താണ് ഹൈടെക് ക്ലാസ്‌റൂമുകള്‍ പ്രാവര്‍ത്തികമാക്കേണ്ടതെന്ന് ഐടി അറ്റ് സ്‌കൂള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ. അന്‍വര്‍ സാദത്ത് വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ഉദ്ഘാടനം ചെയ്ത് പറഞ്ഞു.
ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ. കെ.ടി. മാത്യൂ ജില്ലാ പഞ്ചായത്തഗം പി.എ. ജുമൈലത്ത്, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ നവാസ് ഡയറ്റ് ഫാക്കല്‍ട്ടി ടി.പി. കലാധരന്‍ ഐടി അറ്റ് സ്‌കൂള്‍ ജില്ലാ കോഡിനേറ്റര്‍ പി. പ്രദീപ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ആദ്യഘട്ടം നാല് മണ്ഡലങ്ങളില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ആലപ്പുഴ നിയോജക മണ്ഡലത്തിലെ സ്‌കൂളുകളെ കേന്ദ്രികരിച്ചാണ് ശില്പശാല നടത്തുന്നത്. ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലെ അദ്ധ്യാപകരാണ് ശില്പശാലയില്‍ പങ്കെടുക്കുന്നത്. വിവിധ വിഷയങ്ങളുടെ റിസോഴ്‌സ് അദ്ധ്യാപകരും ഐടി അറ്റ് സ്‌കൂളിന്റെ സാങ്കേതിക വിദഗ്ദരും ശില്പശാലയ്‌ക്ക് നേതൃത്വം നല്കും. രണ്ട് ദിവസങ്ങളിലായി കലവൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കുന്ന ശില്പശാല നാളെ സമാപിക്കും.
















