വിഴിഞ്ഞം: പെന്‍ഷന്‍ വിതരണത്തില്‍ അഴിമതിയും രാഷ്‌ട്രീയവും കലര്‍ത്തുന്നു എന്നാരോപിച്ച് ബിജെപി സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറിയെ ഉപരോധിച്ചു. ബാലരാമപുരം പഞ്ചായത്തിലെ ബിജെപി ജനപ്രതിനിധികളും ഗുണഭോക്താക്കളും ചേര്‍ന്നാണ് ഉപരോധിച്ചത്. പഞ്ചായത്ത് ഭരണസമിതി കൂടി എടുത്ത തീരുമാനങ്ങളെപ്പോലും ബാങ്ക് അധികൃതര്‍ തകിടം മറിക്കുന്നു എന്നാരോപിച്ചായിരുന്നു ഉപരോധം. ജനപ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തി മാത്രമേ പെന്‍ഷന്‍ തുക വിതരണം ചെയ്യാവൂ എന്ന് ഭരണസമിതി കൂടി തീരുമാനം എടുത്തിരുന്നു. എന്നാല്‍ സിപിഎമ്മിന്റെ വാലാട്ടികളായ ചില ഉദ്യോഗസ്ഥന്‍മാരും ബാങ്ക് അധികൃതരും ചേര്‍ന്ന് ഇത് അട്ടിമറിക്കുകയായിരുന്നു.
പെന്‍ഷന്‍ വിതരണം കാര്യക്ഷമമാക്കാനായി തുക വീട്ടിലെത്തിക്കും എന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ എല്‍ഡിഎഫ് സര്‍ക്കാര്‍ സാധാരണക്കാരെ വഞ്ചിക്കുന്ന നിലപാടാണ് തുടക്കം മുതലേ സ്വീകരിച്ചുവരുന്നത്. പാര്‍ട്ടിയുടെ സ്വാധീനത്തിലുള്ള ബാങ്കുകളെയാണ് പെന്‍ഷന്‍ തുക വിതരണം ചെയ്യാന്‍ ഏല്‍പ്പിച്ചിരിക്കുന്നത്. ബാലരാമപുരം പഞ്ചായത്തിലും സമാന സ്ഥിതിയാണ്. സിപിഎം ജനപ്രതിനിധികള്‍ ഒഴികെയുള്ളവരുടെ വാര്‍ഡുകളില്‍ മെമ്പര്‍മാരെ പോലും അറിയിക്കാതെയാണ് തുക വിതരണം ചെയ്യുന്നത്. ഇതിനായി നിശ്ചയിച്ചിരിക്കുന്നതാകട്ടെ പ്രദേശിക സിപിഎം നേതാക്കളെയാണ്. ഇവരില്‍ പലരും തുക തങ്ങളുടെ വീട്ടിലെത്തിയാല്‍ മാത്രമേ നല്‍കുകയുള്ളൂ എന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്തവരെയും പ്രവര്‍ത്തിച്ചവരെയും പലതവണ നടത്തി ബുദ്ധിമുട്ടിക്കുകയും ചെയ്യുന്നുണ്ട്. ചെറിയ തുക കൈപ്പറ്റുന്നവരില്‍ നിന്ന് പോലും കണക്കു പറഞ്ഞ് കമ്മീഷന്‍ വാങ്ങുന്നതായും പരാതി വ്യാപകമാണ്. പാര്‍ട്ടി ഫണ്ടിലേക്കാണ് ഈ തുക എന്നതാണ് പറയുന്ന ന്യായം. പ്രതികരിക്കാന്‍ തയ്യാറാകുന്നവരോട് അടുത്ത തവണ പെന്‍ഷന്‍ ലഭിക്കില്ലെന്ന് ഭീഷണിപ്പെടുത്തുന്നു. ജനപ്രതിനിധികള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും നടപടികള്‍ ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് ഉപരോധം സംഘടിപ്പിച്ചത്. ജനപ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തി മാത്രമേ പെന്‍ഷന്‍ വിതരണം ചെയ്യൂ എന്നും ഉടന്‍ തന്നെ മോണിറ്ററിംഗ് സമിതി വിളിച്ചു കൂട്ടാമെന്നും ഉള്ള ഉറപ്പിന്‍ മേലാണ് ഉപരോധം അവസാനിപ്പിച്ചത്.
ബിജെപിയുടെ ജനപ്രതിനിധികളായ ഹേമലത ശിവകുമാര്‍, രാജേഷ്, മിനി, സിന്ധു എന്നിവരും നേതാക്കളായ ശ്രീകണ്ഠന്‍, ഷിബു, സുരേഷ്‌കുമാര്‍, ശിവന്‍കുട്ടി എന്നിവര്‍ നേതൃത്വം നല്‍കി.
















