മട്ടാഞ്ചേരി: പട്ടം പറത്തുന്നതിന് അപകടകരമായ നൈലോണ്‍ നൂല്‍ പക്ഷികള്‍ക്ക് ദോഷമാകുന്നത് ചൂണ്ടിക്കാട്ടി ബോധവല്ക്കരണവുമായി ജൈന്‍ ഫൗണ്ടേഷന്‍ സാരഥി മുകേഷ് ജൈന്‍ ഏകദിന ഉപവാസം നടത്തി. പറവകള്‍ക്ക് അപകടമുണ്ടാക്കുന്ന പ്ലാസ്റ്റിക്, നൈലോണ്‍ നൂലുകള്‍ കൊണ്ട് പട്ടം പറത്തരുതെന്ന അഭ്യര്‍ത്ഥനയുമായണ് പക്ഷി സ്‌നേഹിയായ മുകേഷ് ജൈന്‍ ഉപവാസം നടത്തിയത്.
ഫോര്‍ട്ടുകൊച്ചി മഹാത്മ ഗാന്ധി കടപ്പുറ പ്രവേശന കവാടത്തില്‍ നടത്തിയ ഉപവാസ സമരം സ്വാതന്ത്ര സമര സേനാനി കെ.എ. ഭാനുപ്രകാശ് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ വര്‍ഷം നാനൂറോളം പക്ഷികളാണ് പശ്ചിമകൊച്ചി മേഖലയില്‍ മാത്രം പൊട്ടിയ പട്ടത്തിന്റെ നൈലോണ്‍, പ്ലാസ്റ്റിക് നൂലുകളില്‍ കുടങ്ങി ചത്തത്.
നിരവധി ദേശാടന പക്ഷികള്‍ വരെ ഇക്കൂട്ടത്തിലുണ്ട്. പട്ടം പറത്തുന്നതിന് നൈലോണ്‍ നൂല് ഉപയോഗിക്കുന്നതിനെതിരെ മുകേഷ് ജൈന്‍ ഹൈക്കോടതിയെ സമീപിക്കുകയും, കോടതിയുടെ നിര്‍ദേശപ്രകാരം പശ്ചിമകൊച്ചി മേഖലയില്‍ പ്ലാസ്റ്റിക്, നൈലോണ്‍ നൂലുകള്‍ ഉപയോഗിക്കുന്നതിന് ആര്‍ഡിഒ നിരോധന ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. രണ്ടു വര്‍ഷം മുന്‍പ് തന്നെ ഉത്തരവ് പ്രാബല്യത്തില്‍ വന്നെങ്കിലും ഇപ്പോഴും ഈ നൂലുകളില്‍ തന്നെയാണ് പട്ടം പറത്തുന്നത്.
മാധ്യമ പ്രവര്‍ത്തകന്‍ എം.എം. സലീം അദ്ധ്യക്ഷത വഹിച്ചു. കൊച്ചി ടിഡി ഹൈസ്‌കൂള്‍ അദ്ധ്യാപകന്‍ ദിനേശ് എന്‍.പൈ പ്രതിജ്ഞ ചൊല്ലി കൊടുത്തു. വൈകീട്ട് മുകേഷ് ജൈന്റെ മാതാവ് മണി ബെന്‍ നാരങ്ങനീരു നല്‍കിയതോടെ ഉപവാസം സമാപിച്ചു. പക്ഷികള്‍ പട്ടചരടില്‍ കുടുങ്ങി കിടക്കുന്ന ചിത്രങ്ങളുമായി പ്രദര്‍ശനവും നടന്നു.
















