തലശ്ശേരി: പെരുമ്പാവൂരില്‍ വിജിലന്‍സ് ചമഞ്ഞ് സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസിലെ ഒരു പ്രതിയെ തലശ്ശേരി പോലീസ് പിടികൂടി പെരുമ്പാവൂര്‍ പോലീസിന് കൈമാറി. കൂത്തുപറമ്പ് പറമ്പായി കണിയന്റവളപ്പില്‍ ഫസീര്‍ (26)നെയാണ് തലശ്ശേരി ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് തലശ്ശേരി ചാലില്‍ സ്വദേശി ഉള്‍പ്പെടെ കണ്ണൂര്‍ ജില്ലക്കാരായ മറ്റ് രണ്ടുപേര്‍ക്കുകൂടി പങ്കുള്ളതായി വ്യക്തമായിട്ടുണ്ട്. ഇന്നലെ രാവിലെ എറണാകുളത്ത് എത്തിച്ച പ്രതിയെ എസ്പി ഉണ്ണിരാജയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചോദ്യംചെയ്ത് വരികയാണ്. കുഴല്‍പണത്തട്ടിപ്പ് കേസിലെ പ്രതികൂടിയാണ് ഫസീര്‍.
ബംഗളൂരിലും എറണാകുളത്തുമായി കഴിയുന്ന ഇയാള്‍ക്ക് പല കേസുകളുമായും ബന്ധമുള്ളതായി പോലീസ് സംശയിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇയാളെ ദേശീയ അന്വേഷണ ഏജന്‍സിയും ചോദ്യം ചെയ്യുമെന്നാണ് സൂചന.
















