പി.വി. സിന്ധുവും പി. ഗോപിചന്ദും സ്വീകരണച്ചടങ്ങിനിടെ
വിജയവാഡ: റിയൊയിലെ വെള്ളിത്തിളക്കത്തിന് പി.വി. സിന്ധുവിനെ ആന്ധ്രയും ആദരിച്ചു. തെലങ്കാനയ്‌ക്കു സമം സജ്ജീകരണങ്ങള്‍ ഒരുക്കി വിജയവാഡയില്‍ ആന്ധ്ര സര്‍ക്കാര്‍ താരത്തെ സ്വീകരിച്ചത്. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തന്നെ നേതൃത്വം നല്‍കിയപ്പോള്‍, സംസ്ഥാനം ഒന്നായി നഗരത്തിലെത്തി. മൂന്നു കോടി രൂപയും സ്ഥലവും ജോലിയുമാണ് ആന്ധ്ര സര്‍ക്കാര്‍ താരത്തിനു നല്‍കുന്നത്.
ഗന്നവാരം വിമാനത്താവളത്തില്‍നിന്ന് ഡബിള്‍ ഡക്കര്‍ ബസിലാണ് സിന്ധുവിനെയും പരിശീലകന്‍ ഗോപിചന്ദിനെയും സമ്മേളനവേദിയായ ഇന്ദിര ഗാന്ധി സ്റ്റേഡിയത്തിലേക്ക് എത്തിച്ചത്. ത്രിവര്‍ണ പതാകകള്‍ വീശി ജനക്കൂട്ടം വഴിയരുകില്‍ താരത്തെ കാത്തുനിന്നു. വാദ്യമേളങ്ങളും കൊഴുപ്പേകി. സമ്മേളനത്തില്‍ ബാഡ്മിന്റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ സെക്രട്ടറിയും ആന്ധ്രപ്രദേശ് ബാഡ്മിന്റണ്‍ അസോസിയേഷന്‍ സിഇഒയുമായ കെ.സി. പുന്നയ്യ ചൗധരി, സിന്ധുവിന്റെ മാതാപിതാക്കള്‍ പി.വി. രമണ, വിജയ തുടങ്ങിയവരും പങ്കെടുത്തു.
ആന്ധ്രപ്രദേശ് രണ്ടു സംസ്ഥാനമായതോടെ സിന്ധുവിന്റെ അമ്മ വീടാണ് ആന്ധ്ര. അച്ഛന്‍ തെലങ്കാനയില്‍ നിന്ന്.
സമാനമായ സ്വീകരണമാണ് കഴിഞ്ഞ ദിവസം തെലങ്കാനയും സംഘടിപ്പിച്ചത്. അഞ്ചു ലക്ഷം രൂപയും സ്ഥലവും ജോലിയും അവരുടെ പ്രഖ്യാപനം.
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറും സിന്ധുവിന് പാരിതോഷികം പ്രഖ്യാപിച്ചു. ബിഎംഡബ്ല്യു കാറാണ് മാസ്റ്റര്‍ ബ്ലാസ്റ്ററുടെ സമ്മാനം. 2012ല്‍ ഏഷ്യന്‍ യൂത്ത് ചാമ്പ്യന്‍ഷിപ്പ് ജയിച്ചപ്പോള്‍ സിന്ധുവിന് സ്വിഫ്റ്റ് കാര്‍ സമ്മാനിച്ചിരുന്നു സച്ചിന്‍. ലണ്ടന്‍ ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ സൈന നേവാളിനും സച്ചിന്‍ സമ്മാനിച്ചത് ബിഎംഡബ്ല്യു.
















