ബെംഗളൂരു: റിയോയില്‍ മത്സരത്തിനിടെ നേരിട്ടത് കടുത്ത അവഗണനയെന്ന് മലയാളി അത്‌ലറ്റ് ഒ.പി. ജെയ്ഷ. മാരത്തണില്‍ മത്സരിക്കുന്നതിനിടെ വെള്ളമോ ഭക്ഷണമോ നല്‍കാന്‍ ഇന്ത്യന്‍ അധികൃതര്‍ തയ്യാറായില്ലെന്ന് ജെയ്ഷ ആരോപിച്ചു.
42 കിലോമീറ്റര്‍ ഓട്ടത്തിനിടെ ഓരോ രണ്ടര കിലോമീറ്റര്‍ പൂര്‍ത്തിയാകുമ്പോഴും ഓരോ രാജ്യങ്ങളും തങ്ങളുടെ മത്സരാര്‍ത്ഥികള്‍ക്കായി വെള്ളവും ഗ്ലൂക്കോസും ജെല്ലുമെല്ലാം തയ്യാറാക്കി വെക്കും. എന്നാല്‍, ഇന്ത്യന്‍ ഡെസ്‌ക്കുകളില്‍ രാജ്യത്തിന്റെ പേരും ദേശീയ പതാകയുമല്ലാതെ ഒരു തുള്ളി വെള്ളം പോലുമുണ്ടായിരുന്നില്ല.
മറ്റു രാജ്യത്തിന്റെ കൗണ്ടറില്‍ നിന്ന് വെള്ളമോ മറ്റു വസ്തുക്കളോ സ്വീകരിച്ചാല്‍ മത്സരത്തില്‍ നിന്ന് പുറത്താക്കുമെന്ന നിയമമുള്ളതിനാല്‍ ജെയ്ഷക്ക് ഒളിമ്പിക് കമ്മിറ്റി ഏര്‍പ്പെടുത്തിയ കൗണ്ടര്‍ മാത്രമായിരുന്നു ആശ്വാസം. ഓരോ എട്ട് കിലോമീറ്ററിലും മാത്രമെ ഒളിമ്പിക് കമ്മിറ്റിയുടെ കൗണ്ടര്‍ ഉണ്ടായിരുന്നുള്ളു. ഫിനിഷിങ് പോയിന്റിലെത്തിയപ്പോഴേക്കും ജെയ്ഷ തളര്‍ന്നു വീണു. അവിടെ ഇന്ത്യന്‍ മെഡിക്കല്‍ സംഘം ഇല്ലായിരുന്നു.
മലയാളി താരമായ ടി. ഗോപിയും പരിശീലകന്‍ രാധാകൃഷ്ണന്‍ നായരുമാണ് ജെയ്ഷയുടെ സഹായത്തിനെത്തിയത്. തുടര്‍ന്ന് ഒളിമ്പിക് കമ്മറ്റിയുടെ മെഡിക്കല്‍ സംഘത്തിന്റെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചുവെന്നും ജെയ്ഷ പറഞ്ഞു.
ഇന്റര്‍നാഷണല്‍ അത്‌ലറ്റിക് ഫെഡറേഷന്റെ നിയമമനുസരിച്ച് ഓരോ രാജ്യത്തിന്റെയും ഫെഡറേഷനാണ് കൗണ്ടറുകളില്‍ മത്സരാര്‍ത്ഥികള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ ഒരുക്കി വെക്കേണ്ടത്. കഴിഞ്ഞ ബെയ്ജിങ് ലോകചാമ്പ്യന്‍ഷിപ്പില്‍ 42 കിലോമീറ്റര്‍ രണ്ട് മണിക്കൂര്‍ 34 മിനിറ്റില്‍ പൂര്‍ത്തിയാക്കിയ ജെയ്ഷ 18-ാം സ്ഥാനം നേടിയിരുന്നു.
















