തൊടുപുഴ: ശാരീരിക അവശതകള്‍ക്കൊന്നും സിദ്ധാര്‍ത്ഥ് ബാബുവിന്റെ ഇച്ഛാശക്തിയെ കീഴടക്കാനായില്ല. അരയ്‌ക്കു താഴെ ചലനശേഷിയില്ലാതിരുന്നിട്ടും പൂര്‍ണ ആരോഗ്യവാന്മാരോട് മത്സരിച്ച് സിദ്ധാര്‍ത്ഥ് ചാമ്പ്യനായി. സംസ്ഥാന ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പിലാണ് ഈ വിസ്മയ പ്രകടനം. പുരുഷന്മാരുടെ 50 മീറ്റര്‍ പ്രോണ്‍ റൈഫിളിലാണ് തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി സിദ്ധാര്‍ഥ് ബാബു സ്വര്‍ണമണിഞ്ഞത്. അരയ്‌ക്കു താഴെ തളര്‍ന്നയാള്‍ സ്വര്‍ണം നേടുന്നത് ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പ് ചരിത്രത്തില്‍ ആദ്യം.
പോരാട്ടവീര്യം കൂടപ്പിറപ്പാണ് സിദ്ധാര്‍ത്ഥിന്. 2002 ലുണ്ടായ വാഹനാപകടത്തില്‍ ചലനശേഷി നഷ്ടപ്പെട്ട് ജീവിതം വഴിമുട്ടിയപ്പോള്‍ പകച്ചില്ല ഇദ്ദേഹം. അതിനു ശേഷം ഷൂട്ടിങ് സ്വയം തെരഞ്ഞെടുത്തു. ചിട്ടയായ പരിശീലനത്തിലൂടെ ആത്മവിശ്വാസം സമ്പാദിച്ചു. തുടര്‍ന്ന് ദിവ്യാംഗര്‍ക്കുള്ള മത്സരങ്ങളില്‍ പങ്കെടുത്തു.
പൂനെയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ ദേശീയ റെക്കോഡും നേടി. തിരുവനന്തപുരം ദേശീയ ഗെയിംസില്‍ കേരളത്തെ പ്രതിനിധീകരിച്ചു. 50 മീറ്റര്‍ പ്രോണില്‍ വീല്‍ചെയറിലിരുന്നു പങ്കെടുക്കാന്‍ സംഘാടകര്‍ ആദ്യം അനുവദിച്ചില്ല. പിന്നീട്, മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെയാണു മല്‍സരിക്കാനായത്. അതിനു ശേഷം വീല്‍ചെയര്‍ ഉപേക്ഷിച്ചായി പരിശീലനം.
50 മീറ്റര്‍ പ്രോണ്‍ റൈഫിളില്‍ താരങ്ങള്‍ നിലത്തു കിടന്നാണ് പങ്കെടുക്കുക. വലതുകാല്‍ മടക്കിവച്ചു കിടക്കുമ്പോള്‍ നല്ല ഉന്നം കിട്ടും. സിദ്ധാര്‍ഥിന് കാല്‍ അനക്കാന്‍ പോലുമാകില്ല. ഈ പരിമിതി മറികടന്നാണ് തൊടുപുഴയില്‍ വിജയകിരീടമണിഞ്ഞത്.
പ്രത്യേകം തയാറാക്കിയ കാര്‍ സ്വയമോടിച്ചാണ് ചാമ്പ്യന്‍ഷിപ്പുകള്‍ക്ക് സിദ്ധാര്‍ഥ് എത്തുന്നത്. എംസിഎ ബിരുദധാരിയായ സിദ്ധാര്‍ഥ് ഇപ്പോള്‍ ബെംഗളൂരുവിലാണു സ്ഥിരതാമസം.
















