റിയോ ഡി ജനീറോ: മുപ്പത്തിയൊന്നാമത് ഒളിമ്പിക്‌സിന് കൊടിയിറങ്ങിയപ്പോള്‍ മെഡല്‍ പട്ടികയില്‍ അമേരിക്ക ഒന്നാമത്. ലണ്ടനില്‍ നേടിയ 46 സ്വര്‍ണം അമേരിക്ക ഇത്തവണയും സ്വന്തമാക്കി. 37 വെള്ളിയും 38 വെങ്കലവുമടക്കം ആകെ നേടിയത് 121 മെഡലുകള്‍. ആകെ മെഡലുകളുടെ എണ്ണത്തില്‍ 2012ലെ ലണ്ടന്‍ ഒളിമ്പിക്‌സിനേക്കാള്‍ 18 കൂടുതല്‍. റിയോ ഒളിമ്പിക്‌സില്‍ ഷൂട്ടര്‍ വെര്‍ജീനിയ ത്രാഷറുടെ സ്വര്‍ണമെഡലിലൂടെ അക്കൗണ്ടു തുറന്ന അമേരിക്ക അവസാന ഇനമായ പുരുഷന്മാരുടെ ബാസ്‌ക്കറ്റ്‌ബോളിലും പൊന്നണിഞ്ഞ് സ്വര്‍ണ്ണക്കുതിപ്പ് അവസാനിപ്പിച്ചു.
1992ലെ ബാഴ്‌സലോണ ഒളിമ്പിക്‌സില്‍ സംയുക്ത റഷ്യന്‍ ടീമിനു പിന്നിലായ ശേഷം ഒരിക്കല്‍ മാത്രമേ ഒളിമ്പിക്‌സില്‍ ഒന്നാംസ്ഥാനം അമേരിക്കയ്‌ക്ക് കൈവിട്ടുപോയിട്ടുള്ളൂ, 2008ല്‍ ബീജിങ്ങില്‍. അന്ന് ചൈനക്ക് പിന്നില്‍ രണ്ടാമതായ അമേരിക്ക തുടര്‍ച്ചയായ രണ്ടാം തവണയാണ് മെഡല്‍ വേട്ടയില്‍ ഒന്നാമതെത്തുന്നത്.
ഇത്തവണയും കാര്യമായ വെല്ലുവിളിയുണ്ടായില്ല അമേരിക്കയ്‌ക്ക്. രണ്ടാമതെത്തിയ ബ്രിട്ടണ്‍ ഏറെ പിന്നില്‍. 27 സ്വര്‍ണ്ണം, 23 വെള്ളി, 17 വെങ്കലവുമടക്കം 67 മെഡലുകള്‍. ലണ്ടനില്‍ ബ്രിട്ടന് 29 സ്വര്‍ണ്ണമുണ്ടായിരുന്നു. എന്നാല്‍, ചൈനയുടെ കാര്യമാണ് കഷ്ടം. കഴിഞ്ഞ തവണ 38 സ്വര്‍ണ്ണം നേടിയ ചൈനയ്‌ക്ക് ഇത്തവണ നേടാനായത് 26 എണ്ണം മാത്രം. 12 കുറവ്. 18 വെള്ളിയും 26 വെങ്കലുമടക്കം ആകെ 70 മെഡലുകള്‍ നേടി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു ചൈന. 2004-ലെ ഏതന്‍സ് ഒളിമ്പിക്‌സിനു ശേഷം ആദ്യമായാണ് ചൈന മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്നത്.
വിവാദങ്ങളും വിലക്കുമെക്കെയായി റിയോ വേദിയിലെത്തിയ റഷ്യ നാലാം സ്ഥാനവുമായി തല ഉയര്‍ത്തി മടങ്ങുന്നു. 19 സ്വര്‍ണം, 18 വെള്ളി, 19 വെങ്കലം. ജര്‍മനി (17), ജപ്പാന്‍ (12), ഫ്രാന്‍സ് (10), ദക്ഷിണ കൊറിയ (9), ഇറ്റലി (8), ഓസ്‌ട്രേലിയ (8) എന്നീ രാജ്യങ്ങള്‍ ആദ്യ പത്തില്‍ ഇടംപിടിച്ചു. നെതര്‍ലന്‍ഡ്‌സിനും ഹംഗറിക്കും എട്ട് വീതം സ്വര്‍ണം. ആതിഥേയരായ ബ്രസീല്‍ മികച്ച മുന്നേറ്റത്തോടെ 13-ാമത്. ഏഴ് സ്വര്‍ണ്ണവും ആറ് വീതം വെള്ളിയും വെങ്കലവുമടക്കം 19 മെഡലുകള്‍.
ബാഡ്മിന്റണില്‍ പി.വി. സിന്ധുവിലൂടെ വെള്ളിയും വനിതാ ഗുസ്തിയില്‍ സാക്ഷി മാലിക്കിലൂടെ വെങ്കലവും നേടിയ ഇന്ത്യ 67-ാം സ്ഥാനത്ത്. കഴിഞ്ഞ ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഇന്ത്യ രണ്ട് വെള്ളിയും നാല് വെങ്കലവും നേടിയ സ്ഥാനത്താണ് ഇത്തവണ കനത്ത തിരിച്ചടി നേരിട്ടത്.
ചരിത്രത്തിലാദ്യമായി ചില രാജ്യങ്ങള്‍ സ്വര്‍ണം നേടുന്നതിനും റിയോ സാക്ഷ്യം വഹിച്ചു. ഫിജി, സിംഗപ്പൂര്‍, പ്യൂര്‍ട്ടോറിക്ക, കൊസോവോ, വിയറ്റ്‌നാം എന്നീ രാജ്യങ്ങളാണ് ആദ്യമായി ഒളിമ്പിക് സ്വര്‍ണ്ണപട്ടികയില്‍ ഇടംപിടിച്ചത്.
















