ന്യൂദല്‍ഹി: ബാഡ്മിന്റണ്‍ താരം പി.വി.സിന്ധുവിനായി പുതിയ പരിശീലകനെ കണ്ടെത്തുമെന്ന് തെലങ്കാന ഉപമുഖ്യമന്ത്രി മുഹമ്മദ് മഹമ്മൂദ് അലി. ഒരു ദേശീയ മാധ്യമത്തോടു സംസാരിക്കവെയാണ് അലി വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയത്.
ഗോപിചന്ദ് മികച്ച പരിശീലകനാണെങ്കിലും സിന്ധുവിന് ഇതിലും മികച്ച ഒരു പരിശീലകനെ തെലങ്കാന സര്‍ക്കാര്‍ കണ്ടെത്തി നല്‍കുമെന്നാണ് അലിയുടെ പ്രസ്താവന. രാജ്യം മുഴുവന്‍ സിന്ധുവില്‍ അഭിമാനിക്കുന്നു. ഒരു കളിക്കാരിയും ആ നിലയിലേക്ക് ഉയര്‍ന്നിട്ടില്ല.
തെലങ്കാനയില്‍നിന്നുള്ള ഒരു പെണ്‍കുട്ടി ലോകപ്രശസ്തയായതില്‍ സന്തോഷിക്കുന്നു. ഭാവിയില്‍, ഞങ്ങള്‍ സിന്ധുവിന് ഒരു മികച്ച പരിശീലകനെ കണ്ടെത്തും. ഇപ്പോഴത്തെ പരിശീലകന്‍ വളരെ മികച്ചതാണ്. എന്നിരുന്നാലും അടുത്തതവണ സ്വര്‍ണമെഡല്‍ നേടാന്‍ ഒരു മികച്ച പരിശീലകനെ സിന്ധുവിന് ആവശ്യമാണ്- അലി പറഞ്ഞു.
ഗോപീചന്ദ് അക്കാദമിയില്‍ നിന്നു പരിശീലനം നേടി ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയ താരങ്ങളാണ് പി.വി.സിന്ധുവും സൈന നെഹ്‌വാളും. അഞ്ചുതവണ ലോകജേതാവായ ചൈനയുടെ ലിന്‍ ഡാനെ ഒളിമ്പിക്‌സ് ക്വാര്‍ട്ടറില്‍ അട്ടിമറിച്ച കെ.ശ്രീകാന്തും ഗോപീചന്ദ് അക്കാദമിയിലാണ് പരിശീലിക്കുന്നത്.
സിന്ധുവിനെ സ്വന്തമാക്കുന്നതിനായി തെലങ്കാനയും ആന്ധ്രാപ്രദേശും ശ്രമിക്കുന്നതിനിടെയാണ് അലിയുടെ വിവാദ പ്രസ്താവന.
















