അമ്പലപ്പുഴ: നീറ്റുകക്ക യഥാസമയം വിതരണം ചെയ്യാത്തതിനാല്‍ കരിനില കാര്‍ഷികമേഖലയില്‍ പ്രതിസന്ധി. അമഌരസം കൂടുതലുള്ള അമ്പലപ്പുഴ, കരുമാടി, പുറക്കാട്, കരുവാറ്റ പ്രദേശങ്ങളിലെ 9,000 ഏക്കര്‍ നെല്‍കൃഷിയാണ് പ്രതിസന്ധിയിലായത്.
നീറ്റുകക്ക ഉപയോഗിച്ച് മണ്ണിന്റെ പുളിരസം മാറ്റാനുള്ള നടപടി ആരംഭിച്ചില്ലെങ്കില്‍ കൃഷി ഫലപ്രദമായി നടത്താന്‍ കഴിയാതെവരുമെന്ന് കര്‍ഷകര്‍ പറയുന്നു. മഴക്കാലത്ത് മാത്രം ഒരുകൃഷി ചെയ്യുന്ന രീതിയാണ് ഇവിടെയുള്ളത്.
അമിത അമഌരസം ഇല്ലാതാക്കാന്‍ കര്‍ഷകര്‍ക്ക് നീറ്റുകക്ക നല്‍കിവരാറുണ്ട്. വിതക്കുന്നതിനുമുമ്പും വിതച്ച് 45 ദിവസം കഴിഞ്ഞും ഒരേക്കര്‍ പാടത്ത് മൂന്ന് ക്വിന്റല്‍ നീറ്റുകക്കയാണ് ഉപയോഗിക്കേണ്ടത്. എന്നാല്‍, പറിച്ചുനടീല്‍ കഴിഞ്ഞ് ദിവസങ്ങളായിട്ടും കരിനില കര്‍ഷക വികസന ഏജന്‍സി നീറ്റുകക്ക വിതരണം ചെയ്തിട്ടില്ല.
കായലില്‍നിന്ന് ഖനനം ചെയ്യുന്ന കക്ക സൊസൈറ്റികള്‍ വഴി കര്‍ഷകര്‍ക്ക് നല്‍കുകയാണ് പതിവ്. 50ശതമാനം സബ്‌സിഡിയും ഇതിനുണ്ട്. എന്നാല്‍, കഴിഞ്ഞ അഞ്ചുവര്‍ഷം കരിനില കര്‍ഷക വികസന ഏജന്‍സി ഇക്കാര്യത്തില്‍ ഗുണപരമായ നടപടി സ്വീകരിച്ചിട്ടില്ലെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു.
കരിനിലങ്ങളിലെ കൃഷി പ്രതിസന്ധി തൊഴിലാളികളെയും സാരമായി ബാധിച്ചു. നീറ്റുകക്ക വിതരണം ഉള്‍പ്പെടെ ജോലി നടക്കാതെ വരുന്നു.
മാത്രമല്ല, അമഌരസം ഉള്ളതിനാല്‍ വിളവ് കുറയുകയും നെല്ലിന്റെ തൂക്കത്തെ ബാധിക്കുകയും ചെയ്യും. നെല്ല് സംഭരിക്കുന്ന ഏജന്‍സികള്‍ കരിനിലങ്ങളിലെ നെല്ലിനോട് വിവേചനപരമായ സമീപനമാണ് സ്വീകരിച്ചുവരുന്നത്.
ഈര്‍പ്പത്തിന്റെ അംശം കൂടുതലാണെന്നും തൂക്കക്കുറവാണെന്നുമുള്ള പരാതി അവര്‍ ഉന്നയിക്കാറുണ്ട്. പുളിരസത്തില്‍ ഉണ്ടാകുന്ന നെല്ലിന് ദൃഢത കുറവാകാനും ഇടയുണ്ട്.
ഇതിനെല്ലം പ്രതിവിധിയായി മണ്ണിനെ ആരോഗ്യകരമാക്കി മാറ്റാന്‍ ആവശ്യമായ നടപടികളാണ് വേണ്ടത്. ഇക്കാര്യത്തില്‍ ഏജന്‍സികള്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.
















