കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ മൂന്നാം എഡിഷന്റെ ഉദ്ഘാടനം ഗുവാഹത്തിയിൽ. ഒക്ടോബർ ഒന്നിന് ഗുവാഹത്തിയിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റും കേരള ബ്ലാസ്‌റ്റേഴ്‌സും ഏറ്റുമുട്ടും.
ഇന്ത്യൻ ഫുട്‌ബോളിലെ പവർഹൗസായി വളർന്നു വരുന്ന വടക്കു കിഴക്കൻ സംസ്ഥാനങ്ങളെ ആദരിക്കുക എന്ന ലക്ഷ്യത്തോടെയാണു ഗുവാഹത്തിക്ക് ഉദ്ഘാടന വേദി നൽകുന്നതെന്നു ഐഎസ്എല്ലിന്റെ പ്രമോട്ടർമാരായ ഫുട്‌ബോൾ സ്‌പോർട്‌സ് ഡെവലപ്‌മെന്റ് ലിമിറ്റഡ് അധികൃതർ അറിയിച്ചു.
30000 പേർക്കിരിക്കാവുന്ന ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി സ്‌റ്റേഡിയത്തെ ഇളക്കി മറിക്കുന്ന ഉദ്ഘാടന ചടങ്ങുകളാകും സംഘടിപ്പിക്കുക. അതിനു ശേഷം നോർത്ത് ഈസ്റ്റിലെ ഏഴു സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ വെള്ളക്കുപ്പായത്തോട് ഏറ്റുമുട്ടുന്നതു കേരളത്തിൽ നിന്നു കൊമ്പുകുലുക്കിയെത്തുന്ന മഞ്ഞപ്പട.
യുവരക്തം ഏറെ അടങ്ങിയിട്ടുള്ള വടക്കു കിഴക്കൻ നിരയെ തകർത്തെറിഞ്ഞ് ഉദ്ഘാടനം ഗംഭീരമാക്കാൻ മഞ്ഞപ്പ കോപ്പുകൂട്ടുമ്പോൾ സ്വന്തം നാട്ടിൽ ഒരിക്കലും കൈവിടാത്ത പോരാട്ട വീര്യം പുറത്തെടുക്കാനാകും നോർത്ത് ഈസ്റ്റ് യുണൈറ്റഡ് രംഗത്തിറങ്ങുക. ആദ്യ സീസണിൽ കൊൽക്കത്തയും രണ്ടാം സീസണിൽ ചെന്നൈയുമാണ് ഐഎസ്എല്ലിന്റെ ഉദ്ഘാടന വേദിയൊരുക്കിയത്.
















