റിയോ ഡി ജനീറോ: ലോക ഒന്നാം നമ്പർ താരം മലേഷ്യയുടെ ലീ ചോങ് വെയെ തകർത്ത് ബാഡ്മിന്റൺ പുരുഷ സിംഗിൾസ് സ്വർണ്ണം ചൈനയുടെ ചെൻ ലോങിന്. നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു ലോക രണ്ടാം നമ്പർ താരമായ ചെൻ മലേഷ്യൻ താരത്തെ കീഴടക്കി പൊന്നണിഞ്ഞത്. സ്‌കോർ: സ്‌കോർ 21-18, 21-18. മത്സരം 73 മിനിറ്റ് നീണ്ടു.
2012 ലണ്ടൻ ഒളിമ്പിക്‌സിലെ വെങ്കല മെഡൽ ജേതാവാണ് ചെൻ ലോങ്. 2008 ബെയ്ജിങ് ഒളിമ്പിക്‌സിലും 2012 ലണ്ടൻ ഒളിമ്പിക്‌സിലും വെള്ളി മെഡൽ നേടിയിട്ടുള്ള ലീ ചോങ്ങിന് ഇത് മൂന്നാം വെള്ളി മെഡൽ നേട്ടമാണ്.
അതേസമയം, കഴിഞ്ഞ രണ്ട് ഒളിമ്പിക്‌സിലും സ്വർണ്ണം നേടിയ ചൈനയുടെ ലിൻ ഡാനെ അട്ടിമറിച്ച് ഡെൻമാർക്കിന്റെ വിക്ടർ അസേൽക്‌സൺ വെങ്കലം നേടി. മൂന്ന് ഗെയിം നീണ്ട ആവേശപ്പോരാട്ടത്തിനൊടുവിലായിരുന്നു ഡാനിഷ് താരത്തിന്റെ നേട്ടം. സ്‌കോർ: 21-15, 10-21, 17-21.
















