റിയോ ഡി ജനീറോ: റിയോ ഒളിമ്പിക്‌സ് ട്രാക്കിൽ ഇന്ത്യക്ക് തിരിച്ചടി മാത്രം. അവസാന പ്രതീക്ഷയായ 4-400 മീറ്റർ റിലേയിലും പുരുഷ-വനിതാ ടീമുകൾ ഫൈനൽ കാണാതെ പുറത്ത്.
വനിതാ വിഭാഗത്തിൽ മലയാളി താരം ടിന്റു ലൂക്ക, അനിൽഡ തോമസ്, നിർമ്മല ഷെറോൺ, എം.ആർ. പൂവമ്മ എന്നിവരടങ്ങിയ ടീമാണ് യോഗ്യതാ റൗണ്ടിൽ പുറത്തായത്.
രണ്ടാം ഹീറ്റ്‌സിൽ ഒന്നാം ലൈനിൽ ഓടിയ ടിന്റുവിനും സംഘത്തിനും 3:29.53 സെക്കൻഡിൽ ഏഴാമതായാണ് ഫിനിഷ് ലൈൻ കടന്നത്. രണ്ടു ഹീറ്റ്‌സുകളിലുമായി 13-ാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്. ഒന്നാം ഹീറ്റ്‌സിൽ 3 മിനിറ്റ് 21:42 സെക്കൻഡിൽ ഓടിയ അമേരിക്കയുടേതാണ് മികച്ച സമയം.
ടിന്റുവും കൂട്ടരും ഇറങ്ങിയ ഹീറ്റ്‌സിൽ ജമൈക്കയാണ് ഒന്നാമത്. 3:22.38 സെക്കന്റിലാണ് ജമൈക്കൻ സംഘം ഫിനിഷ് ചെയ്തത്.
പുരുഷ വിഭാഗത്തിൽ മുഹമ്മദ് അനസ്, കുഞ്ഞുമുഹമ്മദ്, അയ്യസാമി ധരുൺ, ആരോഗ്യ രാജീവ്, എന്നിവരുൾപ്പെട്ട ടീം ഹീറ്റ്‌സിൽ അയോഗ്യരാക്കപ്പെട്ടു.
















