റിയോ ഡി ജനീറോ: ഒളിമ്പിക്‌സിൽ അപൂർവ്വ നേട്ടം സ്വന്തമാക്കി ജമൈക്കയുടെ ഉസൈൻ ബോൾട്ട്. ഇന്നലെ പുരുഷന്മാരുടെ 4-100 മീറ്റർ റിലേയിലും സ്വർണ്ണം നേടിയതോടെയാണ് ട്രാക്കിലെ വിസ്മയമായ ഉസൈൻ ബോൾട്ട് അത്യപൂർവ്വ നേട്ടം കരസ്ഥമാക്കിയത്. റിയോയിൽ ട്രിപ്പിളും കഴിഞ്ഞ മൂന്ന് ഒളിമ്പിക്‌സുകളിലായി ട്രിപ്പിൾ ട്രിപ്പിളും തികച്ച് ബോൾട്ട് ചരിത്രം കുറിച്ചത്. റിയോയിൽ 100 മീറ്റർ, 200 മീറ്റർ, 4-100 മീറ്റർ റിലേ എന്നീ ഇനങ്ങളിൽ സ്വർണ്ണം നേടിയാണ് ബോൾട്ട് സ്പ്രിന്റ് ട്രിപ്പിൾ തികച്ചത്.
2008ൽ ബീജിങ്ങിലും 2012ൽ ലണ്ടനിലും ഈയിനങ്ങളിൽ ബോൾട്ട് സ്വർണം നേടിയിരുന്നു. ഇതോടെയാണ് ചരിത്രത്തിലാദ്യമായി ട്രിപ്പിൾ ട്രിപ്പിൾ തികയ്‌ക്കുന്ന താരമായി ബോൾട്ട് മാറിയത്. ഇതോടെ സ്വർണ്ണനേട്ടത്തിൽ ഇതിഹാസതാരങ്ങളായ ഫിൻലാൻഡിന്റെ പാവോ നൂർമിക്കും യുഎസിന്റെ കാൾ ലൂയിസിനുമൊപ്പമെത്തി ഉസൈൻ ബോൾട്ട്. ബോൾട്ടിന്റെ അവസാന ഒളിമ്പിക്‌സാണിത്. 2017-ൽ ലണ്ടനിൽ നടക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിലും കൂടി മത്സരിച്ചശേഷം ബോൾട്ട് ട്രാക്കിനോട് വിടപറയും.
സ്പ്രിന്റ് റിലേയിൽ 37.27 സെക്കൻഡിൽ പറന്നെത്തിയാണ് ബോൾട്ട് ഉൾപ്പെട്ട ജമൈക്കൻ സംഘം പൊന്നണിച്ചത്. സീസണിലെ മികച്ച സമയമാണിത്. അസഫ പവൽ, യോഹാൻ ബ്ലേക്ക്, നിക്കൽ ആഷ്‌മെയ്ഡ് എന്നിവരാണ് ബോൾട്ടിന് പുറമെ ഫൈനലിൽ ജമൈക്കയ്‌ക്കായി ട്രാക്കിലിറങ്ങിയത്. എതിരാളികളെ വള്ളപ്പാടകലെ പിന്തള്ളിയായിരുന്നു ആങ്കർ ലാപ്പ് ഓടിയ ബോൾട്ടിന്റെ ഫിനിഷിങ്. അവസാന ലാപ്പിൽ ബോൾട്ടിന് ആഷ്‌മെയ്ഡ് ബാറ്റൺ കൈമാറുമ്പോൾ രണ്ടാമതായിരുന്നു ജമൈക്ക. പിന്നീട് ട്രാക്കിൽ നടന്നത് നിത്യസംഭവം മാത്രം. ബോൾട്ടിന്റെ കുതിപ്പിൽ എതിരാളികൾ ഏറെ പിന്നിൽ.
അതേസമയം ഈയിനത്തിൽ തീർത്തും അപ്രതീക്ഷിതമായി ജപ്പാൻ വെള്ളി നേടി. 37.60 സെക്കന്റിൽ പുതിയ ഏഷ്യൻ റെക്കോർഡുമായാണ് ജാപ്പനീസ് സംഘം രണ്ടാമതെത്തിയത്. 37.64 സെക്കൻഡിൽ മത്സരം പൂർത്തിയാക്കിയ കാനഡ വെങ്കലവും നേടി. മൂന്നാമതെത്തിയത് യുഎസ് ആയിരുന്നെങ്കിലും ബാറ്റൺ കൈമാറിയതിലെ പിഴവുമൂലം അവരെ അയോഗ്യരാക്കിയതോടെയാണ് കാനഡയ്‌ക്ക് വെങ്കലം ലഭിച്ചത്.
അതേസമയം വനിതകളിൽ ട്രിപ്പിൾ സ്വർണ്ണമെന്ന ജമൈക്കയുടെ എലെയ്ൻ തോംസന്റെ സ്വപ്‌നം പൊലിഞ്ഞു. അമേരിക്കയ്‌ക്ക് പിന്നിൽ വെള്ളി കൊണ്ട് തൃപ്തിയടയേണ്ടിവന്നു ജമൈക്കയ്‌ക്ക്.
സീസണിലെ മികച്ച സമയത്തോടെ 41.01 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് യുഎസ് സ്വർണത്തിലേക്ക് കുതിച്ചത്. ടിയാന ബൊർട്ടലേറ്റ, അലിസൺ ഫെലിക്‌സ്, ഇംഗ്ലീഷ് ഗാർഡ്‌നർ, ടോറി ബൊയി എന്നിവരാണ് യുഎസിനായി ഫൈനലിൽ ട്രാക്കിലെത്തിയത്. 41.36 സെക്കൻഡിൽ ഓടിയെത്തിയ ജമൈക്ക വെള്ളിയും 41.77 സെക്കന്റിൽ ബ്രിട്ടൺ വെങ്കലവും സ്വന്തമാക്കി. ജമൈക്കയ്‌ക്കായി ക്രിസ്റ്റിന വില്യംസ്, സ്പ്രിന്റ് ഡബിൾ നേടിയ എലെയ്ൻ തോംസൺ, വെറോണിക്ക കാംപെൽ, ഷെല്ലി ആൻ ഫ്രേസർ എന്നിവരാണ് ട്രാക്കിലെത്തിയത്.
















