ന്യൂദൽഹി: റിയോ ഒളിമ്പിക്‌സ് വനിതാ ബാഡ്മിന്റൺ സിംഗിൾസ് ഫൈനലിൽ ഭാരതത്തിനായി വെള്ളി മെഡൽ നേടിയ പി.വി. സിന്ധുവിനെക്കാത്ത് നിരവധി സമ്മാനങ്ങൾ.
ദൽഹി സർക്കാർ രണ്ട് കോടി രൂപ പ്രഖ്യാപിച്ചപ്പോൾ തെലങ്കാന സർക്കാർ ഒരു കോടി രൂപയും പാരിതോഷികം പ്രഖ്യാപിച്ചു. ദേശീയ ബാഡ്മിന്റൺ ഫെഡറേഷനും, ഹരിയാന, മധ്യപ്രദേശ് സർക്കാരുകളും സിന്ധുവിന് 50 ലക്ഷം രൂപ വീതം നൽകും.
ഹൈദരാബാദ് ബാഡ്മിന്റൺ ജില്ലാ അസോസിയേഷൻ സിന്ധുവിന് ഒരു ബിഎംഡബ്യൂ കാറാണ് സമ്മാനമായി നൽകുന്നത്. ലണ്ടൻ ഒളിമ്പിക്‌സിൽ സൈന നെഹ്‌വാൾ വെങ്കലം നേടിയപ്പോഴും ബാഡ്മിന്റൺ അസോസിയേഷൻ ബിഎംഡബ്ല്യു നൽകിയിരുന്നു. സച്ചിന്റെ സാനിധ്യത്തിൽ ബിഎംഡബ്യൂ സിന്ധുവിന് സമ്മാനിക്കുവാൻ ശ്രമിക്കുമെന്നും അസോസിയേഷൻ പ്രസിഡന്റ് ചാമുണ്ഡേശ്വർനാഥ് വ്യക്തമാക്കി.
സിന്ധുവിന്റെ പരിശീലകനും മുൻ താരവുമായ പുല്ലേല ഗോപീചന്ദിന് 10 ലക്ഷം രൂപയും സമ്മാനമായി നൽകുമെന്ന് ബാഡ്മിന്റൺ അസോസിയേഷൻ പ്രസിഡന്റ് അഖിലേഷ് ദാസ് ഗുപ്ത പറഞ്ഞു.
അഖിലേന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ പി.വി. സിന്ധുവിനും, സാക്ഷി മാലിക്കിനും 5 ലക്ഷം വീതം പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. വിജയവാഡ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു ജ്വല്ലറി ഗ്രൂപ്പ് സിന്ധുവിന്റെ തങ്ങളുടെ ബ്രാൻഡ് അംബാസഡറാക്കുമെന്നും പ്രഖ്യാപിച്ചു. വിവിധ റിയൽ എസ്‌റ്റേറ്റ് കമ്പനികൾ ഫഌറ്റുകളും നൽകുമെന്ന് അറിയിച്ചു.
ഒപ്പം പ്രമുഖ വാഹന നിർമ്മാതാക്കളായ മഹീന്ദ്ര തങ്ങളുടെ ഒരു എസ്‌യുവിയായ ഥാർ ആണ് സിന്ധുവിന് സമ്മാനിക്കാൻ ഒരുങ്ങുന്നത്. കേന്ദ്രസർക്കാരിന്റെ പാരിതോഷികം സിന്ധു റിയോയിൽ നിന്നും തിരിച്ചുവന്ന ശേഷം പ്രഖ്യാപിക്കും എന്നാണ് റിപ്പോർട്ട്.
സിന്ധുവിനു പ്രവാസി മലയാളി വ്യവസായി 50 ലക്ഷം രൂപ നൽകും. ഗുസ്തിയിൽ വെങ്കലം നേടിയ സാക്ഷി മാലിക്കിന് 25 ലക്ഷം രൂപയും നൽകുമെന്നു യുഎഇയിലും നാട്ടിലും വ്യവസായ ശൃംഖലകളുള്ള മുക്കാടൻ ഗ്രൂപ്പ് മേധാവി ചങ്ങനാശ്ശേരി സ്വദേശി എം. സെബാസ്റ്റിയൻ പറഞ്ഞു.
റിയോയിൽ നിന്നും മടങ്ങിവരുന്ന സിന്ധുവിന് തെലങ്കാന സർക്കാർ ഗംഭീര സ്വീകരണം നൽകുമെന്ന് തെലങ്കാന ഐടി മന്ത്രി രാമറാവു അറിയിച്ചു. രാജ്യത്തിന്റെ യശ്ശസ്സ് വാനോളമുയർത്തിയ തെലങ്കാനയുടെ മകളിൽ അഭിമാനം തോന്നുന്നുവെന്നും അവൾക്കായി ഞങ്ങൾ കാത്തിരിക്കുകയാണെന്നും അവർ പറഞ്ഞു.
അതേസമയം റിയോയിൽ രാജ്യത്തിനായി ആദ്യ മെഡൽ നേടിയ സാക്ഷി മാലിക്കിന് ഇപ്പോഴും സമ്മാനങ്ങളുടെ പെരുമഴ. ഏകദേശം മുന്നരക്കോടിയോളം രൂപ ഇതിനകം സമ്മാനമായി ലഭിച്ച സാക്ഷിക്ക് രാജ്യത്തെ ഏറ്റവും വലിയ യൂട്ടിലിറ്റി വാഹന നിർമ്മാതാക്കളായ മഹീന്ദ്ര ആന്റ് മഹീന്ദ്ര എസ്‌യുവി ഥാർ സമ്മാനിക്കും.
















