റിയോ ഡി ജനീറോ: ഒളിമ്പിക് പുരുഷ ഹോക്കിയില്‍ സ്വര്‍ണ്ണം അര്‍ജന്റീനക്ക്. ചരിത്രത്തിലാദ്യമായാണ് അര്‍ജന്റീന ഹോക്കി സ്വര്‍ണ്ണം നേടുന്നത്. ഫൈനലില്‍ കരുത്താരായ ബെല്‍ജിയത്തെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് അര്‍ജന്റീന ഹോക്കിയില്‍ പുതിയ ചരിത്രം കുറിച്ചത്. അര്‍ജന്റീന ഹോക്കിയുടെ എക്കാലത്തെയും മികച്ച നേട്ടമാണിത്. അര്‍ജന്റീനയും ബെല്‍ജിയവും ആദ്യമായിട്ടായിരുന്നു ഫൈനലില്‍ പ്രവേശിച്ചത്.
സെമിയില്‍ നിലവിലെ ചാമ്പ്യന്മാരായ ജര്‍മനിയെ മികച്ച പോരാട്ടത്തിനൊടുവില്‍ തോല്‍പ്പിച്ച് കലാശ പോരാട്ടത്തിനെത്തിയ അര്‍ജന്റീന ബെല്‍ജിയത്തെയും അതേ നാണയത്തില്‍ നേരിട്ടു. കളിയുടെ തുടക്കത്തില്‍തന്നെ മൂന്നാം മിനിറ്റില്‍ ടാന്‍ഗേ കൊസിന്‍സിലൂടെ ആദ്യം ഗോള്‍ നേടിയത് ബെല്‍ജിയമായിരുന്നു. ലീഡ് വഴങ്ങിയതോടെ അര്‍ജന്റീനന്‍ താരങ്ങള്‍ കനത്ത ആക്രമണവുമായി ബെല്‍ജിയം ഗോള്‍മുഖത്തേക്ക് ഇരച്ചുകയറി.
12-ാം മിനിറ്റില്‍ പെനാല്‍റ്റി കോര്‍ണറിലൂടെ പെഡ്രോ ഇബാറ അര്‍ജന്റീനക്കായി സമനില ഗോള്‍ നേടി. മൂന്നുമിനിറ്റിനുശേഷം ഇഗ്നാഷ്യോ ഓര്‍ട്ടിസ് ഫീല്‍ഡ് ഗോളിലൂടെ അവര്‍ക്ക് ലീഡും സമ്മാനിച്ചു. 22-ാം മിനിറ്റില്‍ പെനാല്‍റ്റി കോര്‍ണറിലൂടെ ഗൊണ്‍സാലോ പെയ്‌ലറ്റും ലക്ഷ്യം കണ്ടതോടെ അര്‍ജന്റീന 3-1ന് മുന്നില്‍. പത്ത് മിനിറ്റിനിടെയായിരുന്നു അവരുടെ മൂന്നുഗോളുകള്‍. പിന്നീട് 45-ാം മിനിറ്റില്‍ ബെല്‍ജിയത്തിനായി ബൊക്കാര്‍ഡ് ഒരു ഗോള്‍ കൂടി മടക്കിയെങ്കിലും കളിയുടെ അവസാന മിനിറ്റില്‍ അഗസ്റ്റിന്‍ മസ്‌ലിയും ഗോള്‍ നേടിയതോടെ 4-2ന്റെ തകര്‍പ്പന്‍ വിജയവുമായി അര്‍ജന്റീന ചരിത്രത്തിലാദ്യമായി ഹോക്കി സ്വര്‍ണ്ണത്തില്‍ മുത്തമിട്ടു.
















