ഇരിട്ടി: നബാര്‍ഡ് കേരളാ ലക്ഷദ്വീപ് ചീഫ് ജനറല്‍ മാനേജര്‍ വി. ആര്‍. രവീന്ദ്രനാഥ മേനോന്‍, കണ്ണൂര്‍ ജില്ലാ ജനറല്‍ മാനേജര്‍ എസ്.എസ്.നാഗേഷ് എന്നിവര്‍ മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷത്രത്തില്‍ സന്ദര്‍ശനം നടത്തി. സഹസ്ര സരോവര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൊളിഞ്ഞു നാമാവശേഷമായി കിടന്നിരുന്ന ഇവിടുത്തെ കുളം 73 ലക്ഷത്തോളം രൂപ മുതല്‍ മുടക്കില്‍ നബാര്‍ഡ് ആണ് പുതുക്കിപ്പണിതത്. എന്നാല്‍ പണി കഴിഞ്ഞെങ്കിലും ഇതുവരെ കുളം ക്ഷേത്രത്തിന് സമര്‍പ്പിച്ചിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട ഉദ്ഘാടനത്തെപ്പറ്റി കൂടി ആലോചിക്കുവാനാണ് ഇവര്‍ ഇവിടെയെത്തിയത്. ക്ഷേത്ര ദര്‍ശനത്തിനു ശേഷം കുളം സന്ദര്‍ശിച്ച ഇവര്‍ ക്ഷേത്രം സെക്രട്ടറിയുമായി ചര്‍ച്ച നടത്തി. അടുത്തദിവസം തന്നെ ഇതിന്റെ സമര്‍പ്പണം നടക്കുമെന്നാണ് അറിയുന്നത്.
















