ആലപ്പുഴ: മിനി സിവില്‍ സ്റ്റേഷനില്‍ ലിഫ്റ്റുകള്‍ കേടാകുന്നത് പതിവായി. നിരവധി സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന ആറു നിലയുള്ള മിനി സിവില്‍ സ്റ്റേഷനില്‍ നിത്യേന ആയിരക്കണക്കിന് ആളുകളാണ് എത്തുന്നത്. അഞ്ചാം നിലയില്‍ പ്രവര്‍ത്തിക്കുന്ന സപ്ലൈ ഓഫീസിലാണെങ്കില്‍ ദിവസവും നിരവധി ആളുകളാണ് വരുന്നത്. ഉദ്ഘാടനം കഴിഞ്ഞ ഉടന്‍ തന്നെ ലിഫ്റ്റുകള്‍ രണ്ടും പ്രവര്‍ത്തന രഹിതമാവുകയായിരുന്നു. നിരവധി തവണ നന്നാക്കിയെങ്കിലും ഒരു മാസം പോലും തികയുന്നതിനു മുമ്പ് വീണ്ടും പഴയപടി. പലപ്പോഴും ലിഫ്റ്റില്‍ കുടുങ്ങുന്ന ആളുകളെ ഫയര്‍ഫോഴ്‌സ് എത്തിയാണ് പുറത്തിറക്കിയിട്ടുള്ളത്.
ഉപകരണത്തിന്റെ മേന്മകുറവും നിലവാരമില്ലാത്ത ഉപകരണങ്ങള്‍ സ്വന്തംനേട്ടത്തിനുവേണ്ടി വാങ്ങുന്നതും ലിഫ്റ്റ് ഓപ്പറേറ്റര്‍ ഇല്ലാത്തതുമാണ് ഇതിനു കാരണമെന്ന് പൊതുജങ്ങള്‍ക്കു പരാതിയുണ്ട്. വൈദ്യുതി നിലയ്‌ക്കുന്ന സമയത്ത് പ്രവര്‍ത്തിപ്പിക്കാന്‍ ജനറേറ്റര്‍ ഉണ്ടെങ്കിലും ലക്ഷങ്ങള്‍ മുടക്കിയ വാങ്ങിയ ഇത് വെറുതെ ഇരിക്കുകയാണ്. ഉദ്ഘാടന മാമാങ്കങ്ങള്‍ക്കും മറ്റും ലക്ഷങ്ങള്‍ ചിലവഴിക്കുന്ന സര്‍ക്കാര്‍ സാധാരണക്കാരുടെ ആവശ്യങ്ങള്‍ക്ക് നേരെ കണ്ണടയ്‌ക്കുന്നു. കേടായ ലിഫ്റ്റുകള്‍ ഉടന്‍ പ്രവര്‍ത്തനക്ഷമമാക്കി ലിഫ്റ്റ് ഓപ്പറേറ്ററെ വെച്ചു പ്രവര്‍ത്തിപ്പിക്കാന്‍ അധികാരികള്‍ തയ്യാറാകണമെന്ന് ബിജെപി ആലപ്പുഴ മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് ജി. വിനോദ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറിമാരായ രഞ്ചന്‍ പൊന്നാട്, റെജികുമാര്‍, വൈസ്പ്രസിഡന്റ് കെ.ജി. പ്രകാശ്, ഭാരവാഹികളായ വാസുദേവകുറുപ്പ്, സുരേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
















