ആര്യനാട്: പട്ടുനൂല്‍ പരസ്പരം ബന്ധിച്ച്, സാഹോദര്യം വിളക്കിച്ചേര്‍ത്ത് പെണ്‍മനസുകള്‍ രക്ഷാബന്ധനത്തിന്റെ സന്ദേശം പകര്‍ന്നു. മഹിളാമോര്‍ച്ച അരുവിക്കര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് സാഹോദര്യത്തിന്റെ സുവര്‍ണ്ണനൂലുകളുമായി തിരംഗ യാത്രയായി പെണ്‍കൊടികള്‍ തെരുവിലിറങ്ങിയത്.
ജാതി, മത, വര്‍ണ്ണ, വര്‍ഗ്ഗത്തിനതീതമായി രക്ഷാബന്ധനത്തിനായി ആളുകള്‍ തിങ്ങിക്കൂടി. സ്ത്രീകളും കുട്ടികളും വൃദ്ധരുമടക്കം നാനാമതസ്ഥര്‍. മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ രാഖിയുമായി സമീപിച്ചവര്‍ വലതുകൈ നീട്ടി രക്ഷാബന്ധനം സ്വീകരിച്ചശേഷം തങ്ങള്‍ക്ക് സാഹോദര്യ സ്‌നേഹം പകര്‍ന്നവരുടെ കൈകളില്‍ നൂലിഴ ബന്ധിച്ച് സൗഹൃദം പങ്കിട്ടു.
ബിജെപി മണ്ഡലം പ്രസിഡന്റ് മുളയറ രതീഷ് മഹിളാ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് കെ. ശ്രീകലയുടെ കൈത്തണ്ടയില്‍ രാഖി ബന്ധിച്ച് തിരംഗയാത്ര ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറല്‍ സെക്രട്ടറി ജ്യോതിഷ്‌കുമാര്‍, മഹിളാ മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് വിജയകുമാരി, സെക്രട്ടറി ശ്രീജ സുദര്‍ശനന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്നു നടന്ന തിരംഗ യാത്രയിലൂടെ മഹിളകള്‍ നൂറുകണക്കിന് ആളുകളില്‍ സാഹോദര്യത്തിന്റെ മുദ്ര ചാര്‍ത്തി.
















