രതിവൈകൃതങ്ങളുടെയും അധമവികാരങ്ങളുടെ പിന്നാമ്പുറം തേടിയുള്ള യാത്രയ്‌ക്ക് ‘ജന്മഭൂമി’ വിരാമമിട്ടു എന്ന് വായിച്ചതില്‍ അഭിമാനിക്കുന്നു. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദവും നേടിയവരെ ഉപയോഗപ്പെടുത്തി പണസമ്പാദനത്തിന്റെ വക്താക്കളായി അധഃപതിക്കുന്ന വക്രബുദ്ധികളായ ചില മാധ്യമങ്ങള്‍ സ്വധര്‍മ്മത്തില്‍ നിന്ന് വ്യതിചലിച്ച് എങ്ങനെയും ഒന്നാമത് എത്താനുള്ള വ്യഗ്രതയില്‍ മത്സരിച്ച് അച്ചുനിരത്തുമ്പോള്‍ കൈക്കുമ്പിളിലെ ദാഹജലം പോലെ വാര്‍ന്നുപോകുന്ന ഒരു വലിയ സംസ്‌ക്കാരത്തെയാണ് അവര്‍ വിസ്മരിക്കുന്നത്.
ചികിത്സാവിധി നേടാനാവാത്ത ചില ഞരമ്പുരോഗികള്‍ മാനസിക വിഭ്രാന്തി മൂലം ചെയ്യുന്ന ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ വായനക്കാരെ ദിവസം മുഴുവന്‍ അസ്വസ്ഥരാക്കുന്ന വലിയ വാര്‍ത്തയായി പ്രത്യക്ഷപ്പെടുമ്പോള്‍ ആരാണ് കൂടുതല്‍ തെറ്റ് ചെയ്യുന്നതെന്ന് നാം തിരിച്ചറിയണം.
സമൂഹത്തിന് മുഴുവന്‍ മാതൃകയാക്കാവുന്നതും സമാജം അറിയേണ്ടതും പ്രാധാന്യമുള്ളതുമായ വാര്‍ത്തകള്‍ ചെറുതായി ഒതുങ്ങുമ്പോള്‍ ആവര്‍ത്തിക്കപ്പെടരുതെന്ന് സമൂഹം ആഗ്രഹിക്കുന്ന വാര്‍ത്തകള്‍ക്ക് അമിതപ്രാധാന്യം നല്‍കുന്നു. ഇത് തിരുത്തേണ്ട കാലം അധികരിച്ചിരിക്കുകയാണ്. വായനക്കാര്‍ക്ക് സ്വാതന്ത്ര്യദിന സമ്മാനമായി ‘ജന്മഭൂമി’ നല്‍കിയ ഈ തിരിച്ചറിവ് കൂപ്പുകൈകളോടെ സ്വീകരിക്കുന്നു. ഒപ്പം ധീരനിലപാടിന് പത്രാധിപ സമിതിക്ക് ആശംസകളും.
















