റിയോ ഡി ജനീറോ: രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വനിതകളുടെ 800 മീറ്ററിൽ ഇന്ത്യൻ താരം ടിന്റു ലൂക്ക നിരാശപ്പെടുത്തി.
മൂന്നാം ഹീറ്റ്‌സിൽ ഓടിയ തന്റെ ദേശീയ റെക്കോർഡിനൊപ്പമെത്തിയില്ലെങ്കിലും ഒളിമ്പിക്‌സിലെ മികച്ച സമയം കുറിച്ചു. എന്നാൽ എട്ട് പേർ ഓടിയ ഹീറ്റ്‌സിൽ ടിന്റു 2 മിനിറ്റ് 00.58 സെക്കൻഡിൽ ആറാമതായാണ് ഫിനിഷ് ചെയ്തത്. എട്ട് ഹീറ്റ്‌സുകളിലായി 64 പേർ പങ്കെടുത്ത മത്സരത്തിൽ 29-ാം സ്ഥാനമാണ് ടിന്റുവിന്.
ആദ്യ ലാപ്പ് പിന്നിടുമ്പോൾ ടിന്റുവായിരുന്നു ഒന്നാമത്. എന്നാൽ അവസാന ലാപ്പിൽ ആ വേഗത നിലനിർത്താൻ ടിന്റുവിന് കഴിഞ്ഞില്ല. അവസാന ലാപ്പ് പുരോഗമിക്കും തോറും ടിന്റുവിന്റെ വേഗം കുറയുകയും ചെയ്തു. 1 മിനിറ്റ് 59.00 സെക്കൻഡിൽ ഫിനിഷ് ചെയ്ത സ്വിറ്റ്‌സർലൻഡിന്റെ സെലിനാ ബുച്ചൽ, ഒരു മിനിറ്റ് 59.66 സെക്കൻഡിൽ ഓടിയെത്തിയ കെനിയയുടെ മാർഗരറ്റ് വാംബ്യു എന്നിവർ മൂന്നാം ഹീറ്റ്‌സിൽ ഒന്നും രണ്ടും സ്ഥാനത്തെത്തി സെമിയിലേക്ക് യോഗ്യതേനടി.
















