റിയോ ഡി ജനീറോ: ബാഡ്മിന്റണിൽ പി.വി. സിന്ധുവിന്റെ പ്രകടനമൊഴികെ മറ്റെല്ലാ ഇനങ്ങളിലും ഇന്ത്യയുടെ തിരിച്ചടി തുടരുന്നു. വനിതാ ഗുസ്തിയിലും രണ്ട് ഇന്ത്യൻ താരങ്ങൾ പരാജയപ്പെട്ടു.
56 കി.ഗ്രാം വിഭാഗത്തിൽ സാക്ഷി മാലിക്ക് ക്വാർട്ടർ ഫൈനലിൽ പരാജയപ്പെട്ടപ്പോൾ 48 കി.ഗ്രാം വിഭാഗത്തിൽ വിനേഷ് ഫോഗാട്ടിന് മത്സരത്തിനിടെ കാൽമുട്ടിനേറ്റ പരിക്ക് തിരിച്ചടിയായി.
സാക്ഷി മാലിക്ക് റഷ്യയുടെ വലേറിയ കൊബ്ലോവയോട് 3-1ന് പരാജയപ്പെട്ടാണ് ക്വാർട്ടറിൽ പുറത്തായത്. പ്രീ ക്വാർട്ടറിൽ മോൾഡോവയുടെ ഇസാനു ചേർഡിവാരയെ തോൽപ്പിച്ചായിരുന്നു സാക്ഷി ക്വാർട്ടറിലെത്തിയത്.
എന്നാൽ ക്വാർട്ടറിൽ റഷ്യൻ താരത്തിന്റെ കരുത്തിനൊപ്പം പിടിച്ചുനിൽക്കാൻ സാക്ഷിക്ക് കഴിഞ്ഞില്ല. ടെക്‌നിക്കൽ പോയിന്റിലൂടെയാണ് സാക്ഷി പ്രീ ക്വാർട്ടറിൽ വിജയിച്ചുകയറിയത്. യോഗ്യതാ റൗണ്ടിൽ സ്വീഡന്റെ യൊഹാന്ന മാലിൻ മാറ്റിസണെയാണ് സാക്ഷി തോൽപിച്ചത്. സ്‌കോർ: 5-4.
48 കിലോ വിഭാഗത്തിൽ വിനേഷ് ഫോഗട്ടിന് മത്സരത്തിനിടെ കാൽമുട്ടിനേറ്റ ഗുരുതര പരിക്കാണ് തിരിച്ചടിയായത്. ക്വാർട്ടർ ഫൈനലിൽ ചൈനയുടെ സുൻ യുനാനോട് മത്സരിക്കുന്നതിനിടെയാണ് വിനേഷിന് പരിക്കേറ്റത്. തുടർന്ന് സ്ട്രക്ച്ചറിലാണ് വിനേഷിനെ റിങിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോയത്.
















