ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യ നീണ്ട ഇടവേളയ്‌ക്കു ശേഷം ഒന്നാം റാങ്കിലേക്ക് മടങ്ങിയെത്തി. ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിൽ സമ്പൂർണ്ണ തോൽവി തോൽവി ഓസ്‌ട്രേലിയ ഏറ്റുവാങ്ങിയതോടെയാണ് ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തിയത്.
ശ്രീലങ്കക്കെതിരായ മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ ഒന്നാംസ്ഥാനക്കാരായിരുന്ന ഓസീസിന് ഒരു മത്സരത്തിൽ പോലും ജയിക്കാനായില്ല. ഇന്നലെ അവസാനിച്ച അവസാന ടെസ്റ്റിൽ ഓസീസിനെ 163 റൺസിന് തകർത്താണ് ശ്രീലങ്ക പരമ്പര തൂത്തുവാരിയത്. പരമ്പരയിലെ എല്ലാ ടെസ്റ്റുകളും പരാജയപ്പെട്ടതോടെ ഓസ്‌ട്രേലിയ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. പാക്കിസ്ഥാനാണ് രണ്ടാം സ്ഥാനത്ത്.
വിൻഡീസിനെതിരായ പരമ്പരയിലെ മികച്ച പ്രകടനമാണ് ഇന്ത്യയെ ഒന്നാം റാങ്കിലെത്തിച്ചത്. നാലു ടെസ്റ്റുകളുള്ള പരമ്പരയിൽ ഇന്ത്യ രണ്ട് മത്സരത്തിൽ വിജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു. ഒരു മത്സരം സമനിലയിലായി. പരമ്പരയിലെ അവസാന മത്സരം നാളെയാണ്. ഈ മത്സരത്തിൽ ജയിച്ചാൽ ഇന്ത്യക്ക് പോയന്റ് ഉയർത്താം.
112 പോയന്റാണ് ഇപ്പോൾ ഇന്ത്യക്കുള്ളത്. അതേസമയം ഈ ടെസ്റ്റിൽ ഇന്ത്യ വിജയിച്ചില്ലെങ്കിൽ പാക്കിസ്ഥാൻ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തേക്കുയരും. നിലവിൽ ഒരു പോയന്റ് മാത്രം പുറകിലാണ് രണ്ടാംസ്ഥാനത്തുള്ള പാക്കിസ്ഥാൻ. ഓസീസിന് 108 പോയന്റുണ്ട്. ഇംഗ്ലണ്ടും ന്യൂസിലാൻഡുമാണ് ആദ്യ അഞ്ചിലുള്ള മറ്റുള്ളവർ.
















