കൊളംബോ: ഓസ്‌ട്രേലിയക്കെതിരായ മൂന്ന് ടെസ്റ്റുകളുടെ പരമ്പര ശ്രീലങ്ക തൂത്തുവാരി. മൂന്നാം ടെസ്റ്റിൽ 163 റൺസിന്റെ വിജയം നേടിയാണ് ശ്രീലങ്ക കംഗാരുക്കളെ തൂത്തുവാരിയത്. ചരിത്രത്തിലാദ്യമായാണ് ശ്രീലങ്ക ഓസ്‌ട്രേലിയക്കെതിരെ പരമ്പര തൂത്തുവാരുന്നത്. ഈ പരമ്പര വിജയത്തിന് മുൻപ് ഒരിക്കൽ മാത്രമാണ് ശ്രീലങ്ക ടെസ്റ്റ് ക്രിക്കറ്റിൽ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയിട്ടുള്ളത്-1999-ൽ.
രണ്ടാം ഇന്നിങ്‌സിൽ വിജയിക്കാൻ 324 റൺസ് വേണ്ടിയിരുന്ന ഓസ്‌ട്രേലിയയെ ശ്രീലങ്കൻ ബൗളർമാർ 44.1 ഓവറിൽ 160 റൺസിന് എറിഞ്ഞിട്ടു. 64 റൺസിന് ഏഴ് വിക്കറ്റ് വീഴ്‌ത്തിയ ഹെറാത്താണ് ഓസ്‌ട്രേലിയയെ തകർത്തത്. ആദ്യ ഇന്നിങ്‌സിൽ ആറ് വിക്കറ്റ് വീഴ്‌ത്തിയ ഹെറാത്തിന് ടെസ്റ്റിൽ 13 വിക്കറ്റുകളായി. ഹെറാത്താണ് ടെസ്റ്റിലെ താരവും പരമ്പരയിലെ താരവും. സ്‌കോർ ചുരുക്കത്തിൽ: ശ്രീലങ്ക 355, 7ന് 347 ഡി. ഓസ്‌ട്രേലിയ 379, 160.
324 റൺസിന്റെ വിജയലക്ഷ്യത്തെ പിന്തുടർന്ന് രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഓസ്‌ട്രേലിയ ഒരുഘട്ടത്തിൽ വിക്കറ്റ് നഷ്ടപ്പെടാതെ 77 റൺസ് എന്ന നിലയിലായിരുന്നു. എന്നാൽ 23 റൺസെടുത്ത മാർഷ് പുറത്തായതോടെ അവരുടെ തകർച്ചയും തുടങ്ങി. 68 റൺസെടുത്ത ഡേവിഡ് വാർണർ ടോപ് സ്‌കോറർ. പിന്നീടെത്തിയ മുൻനിര ബാറ്റ്‌സ്മാന്മാരെല്ലാം ദയനീയമായി പരാജയപ്പെട്ടതോടെ 2ന് 102 എന്ന ഭേദപ്പെട്ട നിലയിൽ നിന്ന് 7ന് 140 എന്ന നിലയിൽ തകർന്നു. 23 റൺസെടുത്ത മിച്ചൽ സ്റ്റാർക്കും 12 റൺസെടുത്ത നഥാൻ ലിയോണും ഓപ്പണർമാർക്ക് പുറമെ രണ്ടക്കം കടന്ന ബാറ്റ്‌സ്മാന്മാർ.
അഞ്ച് ഏകദിനങ്ങളുടെ പരമ്പര 21ന് ആരംഭിക്കും.
















