പി.സി സിറിയക്കിനെ സ്വാഗതം ചെയ്യുന്നു
ഗള്‍ഫ് നാടുകളില്‍ പ്രതിസന്ധി രൂക്ഷമാണെന്നിരിക്കെ കേരളത്തിന്റെ വികസനത്തില്‍ സ്ഥായിയായ സാധ്യത ടൂറിസത്തിനാണെന്ന് തമിഴ്‌നാട് അഡീഷണല്‍ ചീഫ് സെക്രട്ടറി പി.സി. സിറിയക് പറഞ്ഞു. പ്രധാന ടൂറിസം കേന്ദ്രമായി കേരളം അന്താരാഷ്‌ട്രതലത്തില്‍ അറിയപ്പെടുന്നുണ്ട്. പ്രകൃതി സൗന്ദര്യമാണ് കേരളത്തിന്റെ പ്രത്യേകത. കായല്‍ ടൂറിസവും ഹൗസ്‌ബോട്ടും ആയുര്‍വ്വേദവും യോഗയുമെല്ലാം മികവാണ്.
ആയുര്‍വ്വേദത്തിന്റെ നാടായതിനാല്‍ മെഡിക്കല്‍ ടൂറിസത്തിനും സാധ്യത ഏറെയുണ്ട്. ടൂറിസം രംഗത്ത് ചെറിയ പദ്ധതികള്‍ മതി കേരളത്തിന്. ഉപഭോക്താവിന്റെ സംതൃപ്തിയാണ് പ്രധാനം. എന്നാല്‍ ഇത് കേരളം കാര്യമായെടുക്കുന്നില്ല. ഒരിക്കല്‍ കേരളത്തിലെത്തിയവര്‍ വീണ്ടും വരാന്‍ ആഗ്രഹിക്കണം. അതിന് അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ദ്ധിക്കണം. റോഡുകള്‍ കാര്യമായി പരിപാലിക്കുന്നില്ല. പ്രാഥമിക കാര്യങ്ങള്‍ നിര്‍വ്വഹിക്കാനുള്ള സൗകര്യംപോലും പല ടൂറിസ്റ്റ് കേന്ദ്രങ്ങളിലുമില്ല. മാലിന്യനീക്കവും മറ്റൊരു പ്രശ്‌നമാണ്. ടാക്‌സി ഡ്രൈവര്‍മാര്‍, ഗൈഡ് എന്നിവര്‍ക്ക് പെരുമാറ്റം സംബന്ധിച്ച പ്രത്യേക പരിശീലനം നല്‍കണം.
സമരോത്സുകമായ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനമാണ് കേരളത്തിന്റെ ശാപം. ലോകത്ത് ഒരിടത്തുമില്ലാത്ത നോക്കുകൂലി സമ്പ്രദായം കേരളത്തിന്റെ വ്യവസായ മേഖലയ്‌ക്ക് തിരിച്ചടിയാണ്. സിഐടിയുവാണ് നോക്കുകൂലി ആദ്യം തുടങ്ങിയത്. ഇപ്പോഴത് എല്ലാ തൊഴിലാളി സംഘടനകളും നടപ്പിലാക്കുന്നു.
അതിനാല്‍ വ്യവസായങ്ങള്‍ തുടങ്ങാന്‍ സാധിക്കുന്നില്ല. എന്നാല്‍ ഉര്‍വ്വശീ ശാപം ഉപകാരം എന്നതുപോലെ ഇതിനൊരു മറുവശവുമുണ്ട്. വ്യവസായശാലകള്‍ കുറവായതിനാല്‍ പ്രകൃതിക്ക് കോട്ടം തട്ടാതെ സംരക്ഷിക്കാന്‍ സാധിക്കുന്നു. ഇത് ടൂറിസം വികസനത്തിന് ഉപയോഗിക്കണം. തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ കേരളത്തിന് സാധിക്കുന്നില്ല.
നമ്മുടെ മുഖ്യമന്ത്രിമാര്‍ ശക്തമായ നടപടികള്‍ എടുത്തിരുന്നില്ല. ഇ.ശ്രീധരനെ ലഭിച്ചിട്ടും കൊച്ചി മെട്രോ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തത് ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
















