ന്യൂദൽഹി: ഉജ്ജ്വല പ്രകടനത്തോടെ ഒളിമ്പിക്‌സിൽ ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്‌സിലെ വോൾട്ടിനത്തിൽ നാലാം സ്ഥാനം നേടിയ ദിപ കർമാകറിന് മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കറുടെ അഭിനന്ദനം. ട്വിറ്ററിലൂടെയാണ് സച്ചിൻ അഭിനന്ദനം അറിയിച്ചത്.
‘ജയവും പരാജയവും മത്സരത്തിന്റെ ഭാഗമാണ്. എന്നാൽ കോടിക്കണക്കിനു ജനങ്ങളുടെ ഹൃദയത്തിൽ ദിപ വിജയിച്ചു കഴിഞ്ഞു. ദിപയുടെ പ്രകടനത്തിൽ രാജ്യം മുഴുവൻ അഭിമാനിക്കുന്ന‘തായും സച്ചിൻ ട്വീറ്റ് ചെയ്തു.
സച്ചിന് പുറമെ ഷൂട്ടിങ് താരം അഭിനവ് ബിന്ദ്ര, ക്രിക്കറ്റർ ശിഖർ ധവാൻ, ബോളിവുഡ് സൂപ്പർസ്റ്റാർ അമിതാബ് ബച്ചൻ തുടങ്ങിയവരും ദിപയെ അഭിനന്ദിച്ചു.
വോൾട്ട് വനിതാ വിഭാഗം ഫൈനലിൽ നാലാം സ്ഥാനത്ത് എത്തിയ ദിപക്ക് നേരിയ വ്യത്യാസത്തിലാണ് വെങ്കലമെഡൽ നഷ്ടമായത്. 0.150 പോയിന്റ് വ്യതയാസത്തിലായരുന്നു മെഡൽ നഷ്ടം. ഒളിമ്പിക്‌സ് ജിംനാസ്റ്റിക്‌സിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനമായിരുന്നു റിയോയിൽ. ജിംനാസ്റ്റിക്‌സിലെ ലോകോത്തര താരങ്ങളോട് പൊരുതി നേടിയ ഈ നാലാം സ്ഥാനത്തിന് ഒരു ഒളിമ്പിക് മെഡലിന്റെ തിളക്കമാണുള്ളത്.
എട്ടുപേർ മത്സരിച്ച ഫൈനലിൽ ആറാമതായിരുന്നു ദിപ ഇഇറങ്ങിയത്. ഒരുവേള രണ്ടാം സ്ഥാനത്തേക്കുയർന്ന ദിപ പിന്നീട് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. യോഗ്യതാ റൗണ്ടിലെന്ന പോലെ ഫൈനലിലും പ്രൊഡുനോവ വിജയകരമായി പരീക്ഷിച്ചെങ്കിലും ഭാഗ്യം ദിപക്കൊപ്പമായിരുന്നില്ല. എങ്കിലും ഏറെ പ്രതീക്ഷയോടെ റിയോയിലേക്ക് വിമാനം കയറിയവരെല്ലാം വെറും കയ്യോടെ മടങ്ങിയപ്പോൾ ദീപയുടെ മടക്കം രാജകീയ പദവിയോടെതന്നെ.
















