റിയോ ഡി ജനീറോ: ബോക്‌സിങ് റിങ്ങിൽ ഇന്ത്യൻ പരാജയം സമ്പൂർണ്ണം. പുരുഷന്മാരുടെ 75 കി.ഗ്രാം മിഡിൽവെയ്റ്റ് വിഭാഗത്തിൽ വികാസ് കൃഷ്ണൻ ക്വാർട്ടറിൽ പുറത്തായി. ഉസ്‌ബെക്കിസ്ഥാന്റെ മെലിക്കുസീസ് ബെക്ടേമിറിനോട് പൊരുതാൻ പോലും കഴിയാതെയാണ് ഇന്ത്യൻ താരം അടിയറവ് പറഞ്ഞത് (3-0). കഴിഞ്ഞ ലോകചാമ്പ്യൻഷിപ്പിലെ വെള്ളി മെഡൽ ജേതാവും ഏഷ്യൻ ചാമ്പ്യനുമാണ് മെലിക്കുസീസ് ബെക്ടോമിർ.
മൂന്ന് റൗണ്ടുകളിലും വെല്ലുവിളിയുയർത്താൻ വികാസ് കൃഷ്ണന് കഴിഞ്ഞില്ല. 30-27, 30-26, 30-26 എന്ന ക്രമത്തിലാണ് മൂന്ന് റൗണ്ടുകളിലും ഉസ്‌ബെക്ക് താരം വിജയിച്ചത്.
കഴിഞ്ഞ ദിവസങ്ങളിൽ മനോജ് കുമാറും ശിവ ഥാപ്പയും പുറത്തായിരുന്നു.
ഒളിമ്പിക്‌സ് ഗുസ്തിയിലും ഇന്ത്യക്ക് തിരിച്ചടി.
പുരുഷന്മാരുടെ ഗ്രീക്കോ റോമൻ 98 കിലോ വിഭാഗത്തിൽ ഇന്ത്യയുടെ ഹർദീപ് സിംഗ് ക്വാർട്ടർ കാണാതെ പുറത്തായി. ലോക ചാമ്പ്യൻഷിപ്പിലെ വെങ്കല മെഡൽ ജേതാവായ തുർക്കിയുടെ സെൻക് ഇഡ്‌ലമിനോട് 3-1ന് പരാജയപ്പെട്ടു.
കഴിഞ്ഞ ദിവസം 85 കിലോഗ്രാം ഗ്രീക്കോറോമൻ വിഭാഗത്തിൽ രവീന്ദർ ഖത്രി ഒന്നു പൊരുതാൻ പോലും കഴിയാതെ ആദ്യ റൗണ്ടിൽ പരാജയം ഏറ്റുവാങ്ങി.
ലോക ചാമ്പ്യൻഷിപ്പിലെ വെങ്കല മെഡൽ ജേതാവായ ഹംഗറിയുടെ വിക്റ്റർ ലോറിൻസ് 9-0നാണ് ഖത്രിയെ പരാജയപ്പെടുത്തിയത്. ആദ്യ റൗണ്ടിൽ തന്നെ പരാജയം സമ്മതിക്കുന്ന തരത്തിലായിരുന്നു ഖത്രിയുടെ പ്രകടനം.
















