റിയോ ഡി ജനീറോ: വമ്പൻ അട്ടിമറികളുമായി ഫൈനലിലേക്ക് കുതിച്ചെത്തിയ അർജന്റീന താരം ജുവാൻ മാർട്ടിൻ ഡെൽപോട്രോയെ തകർത്ത് ബ്രിട്ടന്റെ ലോക രണ്ടാം നമ്പർ താരം ആൻഡി മുറെ ടെന്നീസ് പുരുഷ സിംഗിൾസ് സ്വർണ്ണം നിലനിർത്തി.
ഒളിമ്പിക്‌സ് ടെന്നീസിന്റെ ചരിത്രത്തിൽ സിംഗിൾസ് സ്വർണ്ണം നിലനിർത്തുന്ന ആദ്യ താരമെന്ന ബഹുമതിയും ഇനി മുറെക്ക് സ്വന്തം.
നാല് മണിക്കൂറിലേറെ നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവിൽ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്കാണ് മുറെ ഡെൽപോട്രോയെ ഫൈനലിൽ കീഴടക്കിയത്. സ്‌കോർ: 7-5, 4-6, 6-2, 7-5.
ലോക ഒന്നാം നമ്പർ താരം നൊവാക് ദ്യോക്കോവിച്ച്, മുൻ ലോക ഒന്നാം നമ്പർ താരം റാഫേൽ നദാൽ തുടങ്ങിയ വമ്പൻമാരെ വീഴ്‌ത്തിയാണ് ഡെൽപോർട്ടോ ഫൈനൽ പോരാട്ടത്തിന് അർഹത നേടിയത്.
എന്നാൽ കലാശപ്പോരാട്ടത്തിൽ മുറെയുടെ കരുത്തിന് മുന്നിൽ കീഴടങ്ങാനായിരുന്നു പോട്രോയുടെ വിധി.
മൂന്നാം സീഡ് റാഫേൽ നദാലിനെ പരാജയപ്പെടുത്തി നാലാം സീഡ് ജപ്പാന്റെ കി നിഷികോരി വെങ്കലം സ്വന്തമാക്കി. സ്‌കോർ: 6-2, 6-7 (7-1), 6-3.
അമേരിക്കൻ താരങ്ങൾ ഏറ്റുമുട്ടിയ മിക്‌സഡ് ഡബിൾസിൽ ബഥനി മറ്റക്‌സാൻഡ്-ജാക്ക് സോക്ക് സഖ്യം സ്വർണ്ണം നേടി. വീനസ് വില്യംസ്-രാജീവ് റാം സഖ്യത്തെ 6-7 (7-1), 6-1, 10-7 എന്ന ക്രമത്തിൽ മൂന്ന് സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിനുശേഷം ബഥനി-ജാക്ക് സഖ്യം കീഴടക്കി.
















