കുട്ടനാട്: കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ പട്ടികവിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ രാഷ്‌ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുകയും സംവരണം അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ ശക്തമായിരിക്കുകയാണെന്നും കെപിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി തുറവൂര്‍ സുരേഷ്. കെപിഎംഎസ് ജില്ലാ കമ്മറ്റിയുടെ യുവജന മഹിളാ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനാധിപത്യ അവകാശങ്ങള്‍ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ മറവില്‍ പട്ടികജാതിക്കാര്‍ വേട്ടയാടപ്പെടുന്നു. ഉത്തരേന്ത്യയിലെ ദളിത് പീഡനങ്ങള്‍ അപലപിക്കുകയും കേരളത്തിലേത് ആഘോഷിക്കുകയുമാണ് ചെയ്യുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജീവിതകാലം മുഴുവന്‍ രാഷ്‌ട്രീയ അടിമകളാകേണ്ടവരല്ല പട്ടിക വര്‍ഗ്ഗക്കാര്‍. ഭരണഘടനയില്‍ ഡോ. അംബേദ്കര്‍ അനുശാസിക്കുന്ന രാഷ്‌ട്രീയ അധികാരങ്ങളുടെ ഉന്നമനത്തില്‍ എത്താന്‍ സാമൂഹ്യപരമായ മുന്നേറ്റങ്ങള്‍ക്ക് യുവജനങ്ങള്‍ തയ്യാറാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ടി. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. കെ. രാജന്‍, വി. മധുസൂദനന്‍, ഡോ. പി.പി. ബാവ, എന്‍.കെ. നീലകമണ്ഠന്‍, ഇ.കെ.കണ്ണന്‍, ടി.സി. ശിവദാസന്‍, വേണു പാറപ്പുറം, രതീഷ് ചെങ്ങന്നൂര്‍, കെ.കെ. സാവിത്രി എന്നിവര്‍ സംസാരിച്ചു.
















