റിയോ ഡി ജനീറോ: ഒളിമ്പിക്‌സിൽ അമേരിക്കക്ക് ചരിത്ര നേട്ടം. ഒളിമ്പിക്‌സിന്റെ ചരിത്രത്തിൽ ആയിരം സ്വർണ്ണം തികയ്‌ക്കുന്ന ആദ്യ രാജ്യമെന്ന ബഹുമതിയാണ് അമേരിക്ക ഇന്നലെ സ്വന്തമാക്കിയത്. റിയോ ഒളിമ്പിക്‌സ് തുടങ്ങുന്നതിന് മുമ്പ് 976 സ്വർണ്ണമെഡലുകളായിരുന്നു അമേരിക്കൻ ശേഖരത്തിൽ.
റിയോയിൽ ഇതുവരെ 24 സ്വർണ്ണം കൂടി നേടിയതോടെയാണ് അമേരിക്ക ഒളിമ്പിക്‌സിന്റെ ചരിത്രത്തിൽ ഒരു നാഴികക്കല്ല് പിന്നിട്ടത്.
അത്‌ലറ്റിക്‌സിലും നീന്തൽക്കുളത്തിൽ നിന്നുമാണ് അമേരിക്കയുടെ മെഡൽ നേട്ടങ്ങളിൽ ഭൂരിഭാഗവും. അത്‌ലറ്റിക്‌സിൽ 324 സ്വർണം നാളിതുവരെ വാരിക്കൂട്ടിയപ്പോൾ, നീന്തൽക്കുളത്തിൽ നിന്ന് ഇത്തവണത്തെ 16 എണ്ണമടക്കം 246 എണ്ണം നേടി.
ഷൂട്ടിങ് റേഞ്ചിൽ നിന്ന് 54, ഗുസ്തിയിൽ 52, ഡൈവിങ്, ബോക്‌സിങ് എന്നിവയിൽ 49 എണ്ണം വീതം, ജിംനാസ്റ്റിക്‌സ് (35), തുഴച്ചിൽ (33), ബാസ്‌ക്കറ്റ്‌ബോൾ (21), ടെന്നീസ് (20), സെയ്‌ലിങ് (19), ഭാരോദ്വഹനം (16), സൈക്ലിങ് (15), അമ്പെയ്‌ത്ത് (14), ഇക്വസ്‌റ്റേറിയൻ (11), ബീച്ച് വോളിബോൾ (6), കനോയിങ്, സിങ്ക്രണൈസ്ഡ് സ്വിമ്മിങ് (5), ഫുട്‌ബോൾ (4), ഗോൾഫ്, വോളിബോൾ, സോഫ്റ്റ്‌ബോൾ (3), തായ്‌ക്വാണ്ടോ, ഫെൻസിങ്, റഗ്ബി (2), വാട്ടർപോളോ, ജൂഡോ, റൗക്ക്, ടഗ് ഓഫ് വാർ, ബേസ്‌ബോൾ, ജ്യു ഡി പൗമേ (ഒന്നുവീതം).
ആയിരം സ്വർണ്ണത്തിനു പുറമെ 763 വെള്ളി, 674 വെങ്കലവുമടക്കം 2437 മെഡലുകളാണ് അമേരിക്കൻ താരങ്ങൾ നാളിതുവരെ സ്വന്തമാക്കിയത്.
















