റിയോ ഡി ജനീറോ: ചരിത്രത്തിലാദ്യമായി പ്യൂർട്ടോറിക്കയും സ്വർണ്ണപ്പട്ടികയിൽ ഇടംപിടിച്ചു. വനിതാ സിംഗിൾസ് ടെന്നീസിലൂടെ മ്യൂണിക്ക പ്യൂഗാണ് രാജ്യത്തിന് കന്നി സ്വർണ്ണം നേടിക്കൊടുത്ത് അഭിമാനതാരമായത്. ഫൈനലിൽ ലോക 34-ാം റാങ്കുകാരിയായ മോണിക്ക രണ്ടാം റാങ്ക് താരം ജർമ്മനിയുടെ ആഞ്ചലിക് കെർബറെ അട്ടിമറിച്ചു.
മൂന്ന് സെറ്റ് നീണ്ട ആവേശപ്പോരാട്ടത്തിനൊടുവിലായിരുന്നു പ്യൂർട്ടോറിക്കൻ താരത്തിന്റെ ചരിത്ര വിജയം. സ്‌കോർ: 6-4, 4-6, 6-1.
ആദ്യ സെറ്റിൽ 6-4ന് സ്വന്തമാക്കിയ മോണിക്ക പക്ഷേ രണ്ടാം സെറ്റിൽ ഇതേ സ്‌കോറിന് പരാജയം സമ്മതിച്ചു. എന്നാൽ, നിർണായകമായ മൂന്നാം സെറ്റിൽ കെർബറിന് ഒരു അവസരം പോലും നൽകാതെ ഒരു ഗെയിം മാത്രം വിട്ടുനൽകി മോണിക്ക ചരിത്രത്തിലേക്ക് റാക്കറ്റേന്തി. സ്വർണ്ണത്തിലേക്കുള്ള കുതിപ്പിൽ മോണിക്കക്ക് മുന്നിൽ മുട്ടുമടക്കിയത് ചില്ലറക്കാരൊന്നുമല്ല.
രണ്ടാം റൗണ്ടിൽ 14-ാം സീഡ് റഷ്യയുടെ അനസ്താസിയ പാവ്‌ലുചെങ്കോ, മൂന്നാം റൗണ്ടിൽ മൂന്നാം സീഡ് ഗാർബിനെ മുഗുരസയും സെമിയിൽ 11-ാം സീഡ് പെട്ര ക്വിറ്റോവയും മോണിക്കക്ക് മുന്നിൽ വീണു. ആദ്യ റൗണ്ടിൽ പൊളോന ഹെർക്കോഗ്, ക്വാർട്ടറിൽ ലോറ സിഗ്മണ്ടിനെയും മോണിക്ക പരാജയപ്പെടുത്തി.
2010ൽ പ്രൊഫഷണൽ ടെന്നീസിലെത്തിയ മോണിക്ക 2014ലാണ് ഡബ്ല്യുടിഎ കിരീടം നേടിയത്- സ്റ്റാർസ്ബർഗിൽ. ഇന്റർനാഷണൽ ടെന്നീസ് ഫെഡറേഷന്റെ കീഴിൽ ആറു സിംഗിൾസ് കിരീടങ്ങളും മോണിക്ക നേടിയിട്ടുണ്ട്. ഈ വർഷം ജൂലായ് 11ന് സിംഗിൾസ് റാങ്കിങ്ങിൽ 33-ാം സ്ഥാനത്തെത്തിയതാണ് മോണിക്കയുടെ ഏറ്റവും മികച്ച റാങ്കിങ്ങ്.
ഏഴാം സീഡ് അമേരിക്കയുടെ മാഡിസൺ കെയ്‌സിനെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ കീഴടക്കി ചെക്ക് റിപ്പബ്ലിക്കിന്റെ 11-ാം സീഡ് പെട്ര ക്വിറ്റോവ വെങ്കലം നേടി.
















