റിയോ ഡി ജനീറോ: ഇന്ത്യയുടെ ഏറ്റവും വലിയ മെഡൽ പ്രതീക്ഷയായിരുന്ന സൂപ്പർതാരം സൈന നെഹ്‌വാളും പുറത്ത്. ലണ്ടൻ ഒളിമ്പിക്‌സിലെ വെങ്കല മെഡൽ ജേതാവ് സൈന നെഹ്‌വാൾ ബാഡ്മിന്റൺ വനിതാ സിംഗിൾസിൽ പ്രീക്വാർട്ടർ പോലും കാണാതെ പുറത്തായി.
അതേസമയം വനിതാ സിംഗിൾസിൽ പി. വി. സിന്ധുവും പുരുഷ സിംഗിൾസിൽ കെ. ശ്രീകാന്തും പ്രീ ക്വാർട്ടറിലെത്തി. സ്വീഡിഷ് താരം ഹെൻറി ഹർസ്‌കെയ്‌നിനെയാണ് ശ്രീകാന്ത് തോൽപ്പിച്ചത്. 34 മിനിറ്റ് നീണ്ട മത്സരത്തിൽ 21-6, 21-18 എന്ന സ്‌കോറിനായിരുന്നു ശ്രീകാന്തിന്റെ വിജയം. ഗ്രൂപ്പ് എമ്മിൽ സിന്ധു രണ്ടാം മത്സരത്തിൽ കാനഡയുടെ മൈക്കല ലീയെ നേരിട്ടുള്ള ഗെയിമുകൾക്ക് പരാജയപ്പെടുത്തി. സ്‌കോർ 21-15, 21-17.
ഗ്രൂപ്പ് ജിയിലെ രണ്ടാം മത്സരത്തിൽ ലോക റാങ്കിങ്ങിൽ അറുപത്തിയൊന്നാം സ്ഥാനത്തുള്ള ഉക്രെയിനിന്റെ മരിയ അൾട്ടിനയാണ് ലോക റാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്തുള്ള സൈനയെ നേരിട്ടുള്ള ഗെയിമുകൾക്ക് അട്ടിമറിച്ചത്. മത്സരത്തിൽ ഒരിക്കലും മികച്ച ഫോമിലേക്കുയരാൻ കഴിയാതെ സൈന നേരിട്ടുള്ള ഗെയിമുകൾക്കാണ് ഉക്രെയിൻ താരത്തോട് കീഴടങ്ങിയത്. സ്‌കോർ: 18-21, 19-21. സമീപകാലത്ത് സൈന നേരിട്ട ഏറ്റവും വലിയ തോൽവി കൂടിയാണിത്. സൈനയെ തോൽപ്പിച്ച് മരിയ പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടുകയും ചെയ്തു.
അതേസമയം ഏറെ പ്രതീക്ഷയോടെ റിയോയിലേക്ക് വിമാനംകയറിയ ഇന്ത്യൻ ഷൂട്ടിങ് താരങ്ങൾ വെറും കൈയുമായി മടങ്ങുന്നു. ഷൂട്ടിങ് റേഞ്ചിലെ അവസാന മത്സരത്തിൽ 50 മീറ്റർ റൈഫിൾ ത്രി പൊസിഷനിൽ ഗഗൻ നാരംഗും ചെയിൽ സിങും ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടാനാകാതെ പുറത്തായി.ടെന്നീസ് മിക്‌സഡ് ഡബിൾസിലും ഇന്ത്യ മെഡൽ നേടാതെ പുറത്ത്. വെങ്കലത്തിനായുള്ള പോരാട്ടത്തിൽ സാനിയ-ബൊപ്പണ്ണ സഖ്യം ചെക്ക് റിപ്പബ്ലിക്കിന്റെ ലൂസി-സ്‌റ്റെപാനക് സഖ്യത്തോട് നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെട്ടു. സ്‌കോർ: 6-1, 7-5.
















