ബ്യൂണസ് ഐറിസ്: കോപ്പ അമേരിക്കയിൽ നിന്ന് ഒളിമ്പിക്‌സിലേക്കുള്ള ദൂരം അത്രയൊന്നുമില്ല. കോപ്പയിൽ തോറ്റു മടങ്ങിയപ്പോൾ അഴിച്ചുവച്ച കുപ്പായം, ഒളിമ്പിക്‌സിലെ നാണക്കേടി നു പിന്നാലെ എടുത്തുണിയുന്നു. മറ്റാരുമല്ല, അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസി. തിരിച്ചുവരവിന് മെസി സന്നദ്ധത പ്രകടിപ്പിച്ചുവെന്ന് റിപ്പോർട്ട്.
അർജന്റീനയുടെ പുതിയ പരിശീലകൻ എഡ്ഗാർഡൊ ബൗസയുമായി നടത്തിയ കൂടിക്കാഴ്‌ച്ചയിൽ താരത്തിന്റെ താത്പര്യപ്രകടനം.
സെപ്തംബറിൽ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായാണ് എഡ്ഗാർഡൊ ബൗസ, മെസിയെ ബാഴ്‌സലോണയിൽ ചെന്നു കണ്ടത്. സമ്മർദ്ദം ചെലുത്തിയിട്ടില്ലെന്നും ഫുട്‌ബോളിനെക്കുറിച്ച് സംസാരിക്കുന്നതിനിടെ മെസി തിരിച്ചുവരാൻ താത്പര്യം പ്രകടിപ്പിച്ചതായും ബൗസ.
തിരിച്ചുവരാൻ അതിയായി ആഗ്രഹിക്കുന്ന മാനസികാവസ്ഥയിലാണ് താരം. അർജന്റീന ടീമിനെ പ്രഖ്യാപിക്കുന്നതിന് മുൻപ് മെസിയെ ഒരിക്കൽ കൂടി ഫോണിൽ ബന്ധപ്പെടുമെന്നും ബൗസ പറഞ്ഞു.
കഴിഞ്ഞ മാസം ജെറാർഡോ മാർട്ടിനൊ വിരമിച്ചതിനെ തുടർന്നാണ് ബൗസ പരിശീലകനായി ചുമതലയേറ്റത്.
ഒളിമ്പിക്‌സ് ഫുട്‌ബോളിൽ മെസ്സിയില്ലാതെ കളിക്കാനിറങ്ങിയ അർജന്റീന ഗ്രൂപ്പ് റൗണ്ടിൽ തന്നെ പുറത്തായിരുന്നു. കഴിഞ്ഞ കോപ്പ അമേരിക്കയുടെ ഫൈനലിൽ ചിലിയോട് പരാജയപ്പെട്ടതിനെ തുടർന്നാണ് മെസി അന്താരാഷ്‌ട്ര ഫുട്‌ബോളിൽ നിന്ന് വിരമിച്ചത്.
















