ആറ്റിങ്ങല്‍: കൃഷി ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന തോട് സ്വകാര്യ വ്യക്തി മണ്ണിട്ട് മൂടിയത് കര്‍ഷകരെ ദുരിതത്തിലാഴ്‌ത്തി. ആറ്റിങ്ങല്‍ ആവണീശ്വരം ശ്രീമഹാദേവര്‍ ക്ഷേത്രത്തിലെ ക്ഷേത്രകുളത്തില്‍ നിന്നും വെള്ളം വെളിയിലേക്ക് ഒഴുകുന്ന നീര്‍ച്ചാലാണ് സ്വകാര്യ വ്യക്തി മണ്ണിട്ട് നികത്തിയത്. വര്‍ഷങ്ങള്‍ പഴക്കമുള്ള തോടിനാണ് ഈ ദുര്‍ഗതി.
ആറ്റിങ്ങല്‍ ശ്രീപാദം ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴിലുള്ളതാണ് ക്ഷേത്രവും ക്ഷേത്രക്കുളവും. 35 അടിയോളം നീളമുള്ള ഈ തോടിനെ ആശ്രയിച്ചാണ് സമീപവാസികള്‍ വര്‍ഷങ്ങളായി കൃഷി നടത്തിപ്പോരുന്നത്. ഈ നീര്‍ച്ചാല്‍ സ്വകാര്യ വ്യക്തി ജെസിബി ഉപയോഗിച്ച് മണ്ണിട്ട് നികത്തുകയായിരുന്നു. നീര്‍ച്ചാല്‍ വഴിയുള്ള ജലലഭ്യത നിലച്ചതോടെ കര്‍ഷകരുടെ ജീവിതം വഴിമുട്ടിയിരിക്കുകയാണ്.
നീര്‍ച്ചാല്‍ പൂര്‍വ്വസ്ഥിതിയിലാക്കണമെന്ന് ആവശ്യപ്പെട്ടു ശ്രീപാദം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ജില്ലാകളക്ടര്‍ അടക്കമുള്ള അധികാരികള്‍ക്ക് പരാതി നല്‍കി.
















