റിയോ ഡി ജനീറോ: അമ്പെയ്‌ത്തിൽ ഇന്ത്യൻ പോരാട്ടത്തിന് അവസാനം. ഇന്നലെ പുരുഷന്മാരുടെ വ്യക്തിഗത മത്സരത്തിൽ അതനു ദാസും പ്രീ ക്വാർട്ടറിൽ തോറ്റു പുറത്തായി. ലോക റാങ്കിങിൽ എട്ടാം സ്ഥാനക്കാരനായ ദക്ഷിണ കൊറിയയുടെ സുങ് യുൻ ലീയോടാണ് അതനു ദാസ് പരാജയപ്പെട്ടത്. സ്‌കോർ 6-4.
ആദ്യ സെറ്റ് രണ്ട് പോയിന്റ് വ്യത്യാസത്തിൽ (28-30) നഷ്ടപ്പെടുത്തിയ അതനു രണ്ടാം സെറ്റിൽ (30-28)ന് സ്വന്തമാക്കി. മൂന്നാം സെറ്റ് 27-27ന് സമനിലയിൽ കലാശിച്ചു. ലീഡ് നേടാൻ ലഭിച്ച അവസരം അതനു നഷ്ടപ്പെടുത്തിയത് തിരിച്ചടിയായി. നാലാം സെറ്റ് 27-28ന് കൊറിയൻ താരം സ്വന്തമാക്കി. അഞ്ചാം സെറ്റും 28-28ന് സമനിലിൽ പിരിഞ്ഞു.
കഴിഞ്ഞ ദിവസം വനിതാ വ്യക്തിഗത മത്സരങ്ങളിൽ ദീപികകുമാരിയും ബൊംബെയ്‌ലാ ദേവിയും പ്രീ ക്വാർട്ടറിൽ പുറത്തായിരുന്നു. മറ്റൊരു താരമായ ലക്ഷ്മിറാണി മാജി ആദ്യ റൗണ്ടിലും മടങ്ങി. ടീം ഇനത്തിലും ഇന്ത്യ നേരത്തെ മടങ്ങിയതോടെ അമ്പെയ്‌ത്തിലെ മെഡൽ സ്വപ്‌നവും അവസാനിച്ചു.
















