റിയോ ഡി ജനീറോ: റിയോ ഒളിമ്പിക്‌സിന്റെ അത്‌ലറ്റിക്‌സിലും ഇന്ത്യക്ക് തിരിച്ചടി. മലയാളി താരം ജിൻസൺ ജോൺസൺ പുരുഷന്മാരുടെ 800 മീറ്ററിൽ സെമിയിൽ പ്രവേശിക്കാതെ ഹീറ്റ്‌സിൽ പുറത്തായി. മൂന്നാം ഹീറ്റ്‌സിൽ ഓടാനിറങ്ങിയ ജിൻസൺ ഒരു മിനിറ്റ് 47.27 സെക്കന്റിൽ അഞ്ചാമതായാണ് ഫിനിഷ് ചെയ്തത്.
കഴിഞ്ഞ മാസം ബെംഗളൂരുവിൽ നടത്തിയ1 മിനിറ്റ് 45.98 സെക്കന്റിൽ ഓടിയെത്തിയ ജിൻസണ് ആ പ്രകടനം നടത്താൻ കഴിഞ്ഞിരുന്നെങ്കിൽ സെമിയിൽ പ്രവേശിക്കാമായിരുന്നു. ഒരു മിനിറ്റ് 45.09 സെക്കന്റിൽ ഓടിയെത്തിയ നിലവിലെ ലോക-ഒളിമ്പിക് ചാമ്പ്യൻ കെനിയയുടെ ഡേവിഡ് റുദിഷയാണ് ഹീറ്റ്‌സിൽ ഒന്നാമത്.
വനിതകളുടെ ഷോട്ട്പുട്ടിൽ മൻപ്രീത് കൗറും ഫൈനലിൽ കയറാതെ യോഗ്യതാ റൗണ്ടിൽ പുറത്തായി. 17.06 മീറ്റർ എറിഞ്ഞ മൻപ്രീത് ബി ഗ്രൂപ്പ്‌യോഗ്യതാ മത്സരത്തിൽ 13-ാമതാണ് എത്തിയത്. രണ്ട് ഗ്രൂപ്പുകളിലുമായി ആകെ 36 പേർ മത്സരിച്ചതിൽ 23-ാം സ്ഥാനത്താണ് മൻപ്രീത്. ഒളിമ്പിക്‌സ് യോഗ്യത നേടിയ പ്രകടനം പുറത്തെടുത്തിരുന്നെങ്കിൽ മൻപ്രീതിനും ഫൈനലിൽ ഇടംപിടിക്കാമായിരുന്നു.
ഷൂട്ടിങിലും ഇന്നലെ ഇന്ത്യക്ക് തിരിച്ചടി. 50 മീറ്റർ റൈഫിൾ പ്രോണിൽ ഗഗൻ നാരംഗും ചെയ്ൻ സിംഗും ഫൈനലിൽ പ്രവേശിക്കാതെ പുറത്തായി. 623.1 പോയിന്റ് നേടിയ ഗഗൻ നാരംഗ് 13-ാമതും 619.6 പോയിന്റ് നേടിയ ചെയ്ൻ സിംഗ് 36-ാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്.
അവസാന സീരീസിലേക്കു വെടിയുതിർക്കുമ്പോൾ എട്ടാം സ്ഥാനത്തായിരുന്ന നരംഗ് എന്നാൽ മത്സരം അവസാനിച്ചപ്പോൾ 13-ാം സ്ഥാനത്തേക്കു പിന്തള്ളപ്പെടുകയായിരുന്നു.
റഷ്യയുടെ സെർഗി കമേൻസ്‌ക്കി 629 പോയിന്റുമായി യോഗ്യതാ റൗണ്ടിൽ ഒളിമ്പിക് റെക്കോർഡ് സ്ഥാപിച്ചു. നേരത്തെ 10 മീറ്റർ എയർ പിസ്റ്റളിലും ഫൈനൽ കാണാതെ ഗഗൻ നാരംഗ് പുറത്തായിരുന്നു. ഇനി 50 മീറ്റർ റൈഫിൽ ത്രി പൊസിഷൻ ഇനത്തിലാണ് ഗഗന് മത്സരം ബാക്കിയുള്ളത്.
ബാഡ്മിന്റൺ ഡബിൾസിൽ ജ്വാല ഗുട്ട-അശ്വിനി പൊന്നപ്പ സഖ്യത്തിന് തുടർച്ചയായ രണ്ടാം തോൽവി. കഴിഞ്ഞ ദിവസം ജപ്പാനീസ് സഖ്യത്തോട് പരാജയപ്പെട്ട ഇന്ത്യൻ ജോഡി ഇന്നലെ നെതർലൻഡ്‌സ് സഖ്യത്തോടാണ് പരാജയം ഏറ്റുവാങ്ങിയത്. ഇതോടെ ക്വാർട്ടറിൽ പ്രവേശിക്കാനുള്ള സാധ്യത ഏറെക്കുറെ ഇല്ലാതാവുകയും ചെയ്തു.
എഫെ മുസ്‌കൻസ്-സെലേന പീക് സഖ്യത്തോട് മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇന്ത്യൻ ജോഡികൾ കീഴടങ്ങിയത്. സ്‌കോർ: 16-21, 21-16, 17-21. ഇന്നത്തെ അവസാന മത്സരത്തിൽ തായ്‌ലൻഡ് സഖ്യമാണ് ജ്വാല-അശ്വിനി സഖ്യത്തിന്റെ എതിരാളികൾ.
















