സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗങ്ങളിലെ തമാശകള്‍ കോര്‍ത്തിണക്കി പ്രകാശനം ചെയ്ത ‘ചിരിയുടെ കൊടിയേറ്റം’ വായിച്ചാല്‍ മാണിയും ബാലകൃഷ്ണപിള്ളയും ചിരിക്കുകയില്ലെന്ന് മാത്രമല്ല, ഇരുവര്‍ക്കും നന്നായി കൊള്ളുകയുംചെയ്യും. ഇരുവരും കോണ്‍ഗ്രസ്സിലായിരുന്ന കാലത്ത് കോടിയേരി നടത്തിയ പ്രസംഗങ്ങളും പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
അന്‍പതോളം പ്രസംഗങ്ങളാണ് പുസ്തകത്തിലുള്ളത്. ഇതില്‍ അധികവും ബാര്‍-സോളാര്‍ വിഷയങ്ങള്‍ നിറഞ്ഞതാണ്. ബാലകൃഷ്ണപിള്ള ഇടമലയാര്‍ക്കേസില്‍ ജയിലില്‍ കിടന്ന സമയത്തുള്ള പ്രസംഗവും, അടിയന്തരാവസ്ഥക്കാലത്ത് കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന് മന്ത്രിയായതുമെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് പിള്ളയും കെ.എം.ജോര്‍ജ്ജും ഇടതുപക്ഷത്തോടൊപ്പം ജയിലില്‍ കഴിയുമ്പോള്‍ അന്നത്തെ ഇന്റലിജന്‍സ് മേധാവി എം.കെ.നാരായണനുമായി ജയിലില്‍വച്ച് ചര്‍ച്ച നടത്തി. തുടര്‍ന്ന് ജയില്‍മോചിതനായി ദല്‍ഹിയില്‍പോയി കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന പിള്ള മന്ത്രിയുമായി. ‘ഉണ്ട തിന്നണോ മന്ത്രിയാകണമോ’ എന്ന ചോദ്യത്തിനുമുന്നില്‍ പിള്ള വീണു എന്നാണ് കോടിയേരി പുസ്തകത്തില്‍ പരിഹസിക്കുന്നത്.
അന്ന് ജയില്‍ വകുപ്പ് തന്നെ നേടി തിരിച്ചെത്തിയ പിള്ള അടിയന്തരാവസ്ഥ തടവുകാരുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് അവരെ എ ക്ലാസ്സ് തടവുകാരാക്കിയത്രെ. അതിന്റെ പ്രത്യുപകാരമായി പിള്ള ജയിലിലായിരുന്നപ്പോള്‍ ചോദിച്ചതില്‍ എയര്‍കണ്ടീഷനൊഴികെ എല്ലാം നല്‍കിയെന്നാണ് മറ്റൊരു പ്രസംഗത്തില്‍ പറയുന്നത്. താന്‍ ജയില്‍വകുപ്പ് കൈകാര്യം ചെയ്തപ്പോള്‍ ഗോതമ്പുണ്ട മാറ്റി ചപ്പാത്തി ആക്കിയതിനാല്‍ പിള്ളക്കിപ്പോള്‍ ഗോതമ്പുണ്ട തിന്നേണ്ടി വരുന്നില്ലെന്നുമാണ് ‘ജയിലുകളില്‍ ഉണ്ടമാറ്റി ചപ്പാത്തിയാക്കി’ എന്ന പ്രസംഗത്തിലുള്ളത്.
മാണിയെ കണക്കറ്റ് വിമര്‍ശിക്കുന്ന പ്രസംഗങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പി.സി.ജോര്‍ജ്ജ് മാണികോണ്‍ഗ്രസ്സ് വിട്ടുപോവുകയും, പി.ജെ. ജോസഫ് പോകാനൊരുങ്ങുകയും ചെയ്ത അവസരത്തെക്കുറിച്ച് മാണിയുടെ രണ്ടില കരിഞ്ഞ ഇലയായി എന്നാണ് പുസ്തകത്തില്‍ കളിയാക്കുന്നത്. കൂടാതെ മാണി നുണപരിശോധനയ്‌ക്ക് വിസമ്മതിച്ചതിന് കാരണം നോട്ടെണ്ണല്‍ യന്ത്രം ഒഴികെ മറ്റെല്ലാ യന്ത്രങ്ങളെയും പേടിയായതിനാലാണന്നും മറ്റൊരു പ്രസംഗത്തില്‍ പറയുന്നു.
ബാറില്‍ നിര്‍മ്മിച്ച ലഡുവാണ് നിയമസഭയില്‍ വിതരണം ചെയ്തതെന്നും, കെ.ബാബുവിനെ ബാര്‍കേസില്‍ രാജിവയ്‌പ്പിക്കാതിരുന്നതും മറ്റും പുസ്തകത്തിലുണ്ട്. എല്‍ഡിഎഫുമായി ചങ്ങാത്തത്തിലായിരിക്കുന്ന ഈ സമയത്ത് പുറത്തിറക്കിയ കോടിയേരിയുടെ പുസ്തകം മാണിക്കും പിള്ളയ്‌ക്കും കൊള്ളുമെന്ന് ഉറപ്പാണ്. കെ.വി.മധുവാണ് പ്രസംഗം ക്രോഡീകരിച്ചിരിക്കുന്നത്. വി.എസ്.അച്യുതാനന്ദനാണ് പുസ്തകം പ്രകാശനം ചെയ്തത്.
















