റിയോ ഡി ജനീറോ: ഇന്ത്യ ഏറെ മെഡൽ പ്രതീക്ഷയർപ്പിച്ച ഷൂട്ടിങ് റേഞ്ചിൽ കനത്ത തിരിച്ചടി തുടരുന്നു. ഇന്നലെ നടന്ന പുരുഷന്മാരുടെ 50 മീറ്റർ പിസ്റ്റൾ വിഭാഗത്തിൽ രാജ്യത്തിന്റെ രണ്ട് ഷൂട്ടർമാരും ഫൈനൽ കാണാതെ പുറത്തായി. ജിത്തു റായ് യോഗ്യതാ റൗണ്ടിൽ 12-ാമനായപ്പോൾ പ്രകാശ് നഞ്ചപ്പ 25-ാമതാണ് ഫിനിഷ് ചെയ്തത്.
രണ്ട് പോയിന്റ് വ്യത്യാസത്തിലാണ് ജിത്തുവിന് ഫൈനൽ നഷ്ടമായത്. അഞ്ചാം റൗണ്ട് അവസാനിക്കുമ്പോൾ അഞ്ചാം സ്ഥാനത്തായിരുന്നു ജിത്തു. എന്നാൽ അവസാന റൗണ്ടിൽ ജിത്തുവിന്റെ ലക്ഷ്യം പിഴച്ചതോടെ പുറത്തേക്കുള്ള വഴി തുറക്കുകയും ചെയ്തു. ആറ് റൗണ്ടുകളിൽ നിന്ന് 554 പോയിന്റാണ് ജിത്തു നേടിയത്.
മറ്റൊരു താരമായ പ്രകാശ് നഞ്ചപ്പ ഒരിക്കലും ഫൈനൽ പ്രതീക്ഷ വച്ചുപുലർത്തിയില്ല. ആറ് റൗണ്ടുകളിൽ നിന്ന് 547 പോയിന്റാണ് നഞ്ചപ്പ നേടിയത്. യോഗ്യതാ റൗണ്ടിൽ കൂടുതൽ പോയിന്റ് നേടിയ എട്ടുപേരാണ് ഫൈനലിൽ പ്രവേശിക്കുക. 567 പോയിന്റ് നേടിയ ദക്ഷിണ കൊറിയയുടെ നിലവിലെ സ്വർണ്ണ ജേതാവ് ജിൻ ജോങ് ഒ യോഗ്യതാ റൗണ്ടിൽ ഒന്നാമതെത്തി.
565 പോയിന്റുമായി ചൈനയുടെ പെങ് വി രണ്ടാമതും 562 പോയിന്റ് നേടിയ ദക്ഷിണ കൊറിയയുടെ ഹാൻ സ്യുങ് വു മൂന്നാമതും.
10 മീറ്റർ എയർ പിസ്റ്റൾ ഫൈനൽ റൗണ്ടിൽ ജീത്തു റായ് ഏറ്റവും പിന്നിലായിരുന്നു ഇടംപിടിച്ചത്. ഇതോടെ ജീത്തുവിന്റെ റിയോ ഒളിമ്പിക്‌സി സ്വപ്‌നങ്ങൾ അവസാനിച്ചു.
















