റിയോ ഡി ജനീറോ: നീന്തൽക്കുളത്തിൽ മുൻ ഒളിമ്പിക്‌സുകളെപ്പോലെ ഇത്തവണയും അമേരിക്കൻ ആധിപത്യം. നാല് ദിവസങ്ങളിലായി 16 മെഡലുകൾ തീരുമാനിച്ചതിൽ ഏഴെണ്ണം അമേരിക്ക സ്വന്തമാക്കി. ഒപ്പം നാല് വെള്ളിയും 7 വെങ്കലവും. മൂന്ന് സ്വർണ്ണവും ഒരു വെങ്കലവും നേടിയ ഹംഗറിയാണ് രണ്ടാമത്.
രണ്ട് സ്വർണ്ണവും രണ്ട് വെങ്കലവും നേടിയ ഓസ്‌ട്രേലിയ മൂന്നാമത്. ബ്രിട്ടൻ, ചൈന, ജപ്പാൻ, സ്വീഡൻ എന്നീ രാജ്യങ്ങളും സ്വർണ്ണപ്പട്ടികയിൽ ഇടംപിടിച്ചു. അഞ്ച് ലോക റെക്കോർഡുകളും മൂന്ന് ഒളിമ്പിക്‌സ് റെക്കോർഡുമാണ് ഇതുവരെ നീന്തൽക്കുളത്തിൽ പിറന്നത്.
ഹംഗറി നേടിയ മൂന്ന് സ്വർണ്ണവും വനിതാ വിഭാഗത്തിലാണ്. കാറ്റിൻക ഹൊസുവാണ് മൂന്ന് സ്വർണ്ണത്തിന്റെയും അവകാശി. അമേരിക്കയുടെ ഇതിഹാസ താരം മൈക്കൽ ഫെൽപ്‌സും മൂന്ന് സ്വർണ്ണം നേടി. വനിതകളുടെ 400 മീറ്റർ ഫ്രീസ്‌റ്റൈലിൽ ലോക റെക്കോർഡോടെ സ്വർണ്ണം നേടിയ അമേരിക്കയുടെ കാറ്റി ലെഡെക്കി 200 മീറ്റർ ഫ്രീസ്‌റ്റൈലിലും പൊന്നണിഞ്ഞ് ഇരട്ട സ്വർണ്ണം തികച്ചു. 1:53.73 സെക്കൻഡിലാണ് കാറ്റി ഫിനിഷ് ചെയ്തത്.
നൂറ് മീറ്റർ ബട്ടർഫ്‌ളൈ സ്‌ട്രോക്കിൽ ലോക റെക്കോർഡോടെ സ്വർണ്ണം നേടിയ സ്വീഡിഷ് വനിത സാറാ സോസ്റ്റം വെള്ളിയും ഓസ്‌ട്രേലിയയുടെ എമ്മ മക്കിയോൺ വെങ്കലവും നേടി.
അതേസമയം, ഡൈവിങിൽ ചൈനക്ക് എതിരാളികളില്ല. ഇതുവരെ നിശ്ചയിക്കപ്പെട്ട മൂന്ന് സ്വർണ്ണവും ചൈനീസ് താരങ്ങൾ സ്വന്തമാക്കി.
പുരുഷന്മാരുടെ സിങ്ക്രണൈസ്ഡ് 10 മീറ്റർ പ്ലാറ്റ്‌ഫോം ഡൈവിങ്ങിൽ ചെൻ അയിസെൻ, ലിൻ യ്യു സഖ്യവും വനിതാ വിഭാഗത്തിൽ ചെൻ റോലിൻ, ല്യു ഹിക്‌സിയ ടീമും സ്വർണ്ണം നേടി. മൂന്ന് മീറ്റർ സിങ്ക്രണസൈഡ് സ്പ്രിങ് ബോർഡ് ഡൈവിങ്ങിൽ വു മിൻസിയ, ഷി ടിൻഗാമോ സഖ്യവും പൊന്നണിഞ്ഞു.
















