റിയോ ഡി ജനീറോ: ഒളിമ്പിക്‌സ് നീന്തൽ മത്സരങ്ങളിൽ അമേരിക്കൻ ആധിപത്യം. മൂന്ന് ദിവസത്തെ മത്സരങ്ങൾ സമാപിച്ചപ്പോൾ നാല് സ്വർണ്ണവും നാല് വെള്ളിയും ആറ് വെങ്കലവുമടക്കം 14 മെഡലുകൾ നേടിയാണ് അമേരിക്ക ഒന്നാമത് കുതിക്കുന്നത്.
രണ്ട് സ്വർണ്ണവും ഒരു വെങ്കലവും നേടിയ ഓസ്‌ട്രേലിയ രണ്ടാമതും രണ്ട് സ്വർണ്ണം നേടിയ ഹംഗറി മൂന്നാമതും. കഴിഞ്ഞ ലണ്ടൻ ഒളിമ്പിക്‌സിൽ അഞ്ച് സ്വർണ്ണം നേടിയ ചൈനക്ക് ഇതുവരെ ഒരു സ്വർണ്ണം നേടാനേ കഴിഞ്ഞിട്ടുള്ളൂ. രണ്ട് വെള്ളിയും ഒരു വെങ്കലവും ചൈന സ്വന്തമാക്കിയിട്ടുണ്ട്.
പുരുഷന്മാരുടെ 100 മീറ്റർ ബാക്ക്‌സ്‌ട്രോക്കിൽ അമേരിക്കയുടെ റയാൻ മർഫിയും വനിതകളുടെ 100 മീറ്റർ ബ്രസ്റ്റ് സ്‌ട്രോക്കിൽ അമേരിക്കയുടെ ലില്ലി കിങും ഒന്നാമതെത്തിയതോടെയാണ് അമേരിക്കയുടെ സ്വർണ്ണനേട്ടം നാലായി ഉയർന്നത്.
പുരുഷവിഭാഗത്തിൽ 51.97 സെക്കൻഡിൽ നീന്തൽ പൂർത്തിയാക്കിയ റയാൻ മർഫി പുതിയ ഒളിമ്പിക് റെക്കോർഡോടെയാണ് പൊന്നണിഞ്ഞത്. കഴിഞ്ഞ ലണ്ടൻ ഒളിമ്പിക്‌സിൽ അമേരിക്കയുടെ തന്നെ മാത്യു ഗ്രീവേഴ്‌സ് സ്ഥാപിച്ച 52.16 സെക്കൻഡിന്റെ റെക്കോർഡാണ് തിരുത്തിയെഴുതപ്പെട്ടത്. ചൈനയുടെ ജു സിയാവു വെള്ളിയും അമേരിക്കയുടെ ഡേവിഡ് പുൾമർ വെങ്കലവും നേടി.
വനിതകളുടെ 100 മീറ്റർ ബ്രസ്റ്റ്‌സ്‌ട്രോക്കിൽ 2008ലെ ബീജിങ് ഒളിമ്പിക്‌സിൽ ഓസ്‌ട്രേലിയയുടെ ലീസെൽ ജോൺസൺ സ്ഥാപിച്ച 1:05.17 സെക്കൻഡിന്റെ റെക്കോർഡാണ് ഇന്നലെ അമേരിക്കയുടെ ലില്ലി കിങ് 1:04.93 സെക്കൻഡിൽ നീന്തിയെത്തി തിരുത്തിക്കുറിച്ചത്. റഷ്യയുടെ യൂലിയ യെഫിമോവ വെള്ളിയും അമേരിക്കയുടെ കെയ്റ്റ് മെയ്‌ലി വെങ്കലവും നേടി.
പുരുഷന്മാരുടെ 200 മീറ്റർ ഫ്രീസ്‌റ്റൈൽ നീന്തലിൽ ചൈനക്ക് സ്വർണ്ണം. റിയോയിൽ നീന്തൽക്കുളത്തിൽ നിന്ന് ചൈനയുടെ ആദ്യ സ്വർണ്ണമാണിത്. 1:44.65 സെക്കൻഡിൽ നീന്തിയെത്തി സൺ യങാണ് സ്വർണ്ണം നേടിയത്. ദക്ഷിണാഫ്രിക്കയുടെ ചാഡ് ലെേക്ലാസ് വെള്ളിയും അമേരിക്കയുടെ കോണർ ഡ്വെയർ വെങ്കലവും സ്വന്തമാക്കി.
നീന്തൽക്കുളത്തിലെ ആദ്യ ഇരട്ട സ്വർണ്ണത്തിന് അവകാശി ഹംഗറിയുടെ കാറ്റിൻക ഹൊസ്സു. കഴിഞ്ഞ ദിവസം 400 മീറ്റർ വ്യക്തിഗത മെഡ്‌ലെയിൽ ലോക റെക്കോർഡോടെ സ്വർണ്ണം നേടിയ ഹൊസ്സു ഇന്നലെ വനിതകളുടെ 100 മീറ്റർ ബാക്ക് സ്‌ട്രോക്കിലും പൊന്നണിഞ്ഞു. 58.45 സെക്കൻഡിൽ നീന്തിയെത്തിയാണ് കാറ്റിൻക ഹൊസു സ്വർണ്ണം നേടിയത്. അമേരിക്കയുടെ കാത്‌ലീൻ ബേക്കർ വെള്ളിയും കാനഡയുടെ കെയ്‌ലെ മാസെ, ചൈനയുടെ ഫു യുവാൻഹ്യു എന്നിവർ വെങ്കലവും നേടി.
















