റിയോ ഡി ജനീറോ: സ്പ്രിങ്‌ബോർഡ് ഡൈവിങ്ങിലെ ഇതിഹാസതാരമാണ് ചൈനീസ് താരം വു മിൻസിയ. തുടർച്ചയായി നാല് ഒളിമ്പിക്‌സുകളിലാണ് ഈ മുപ്പതുകാരി പൊന്നണിഞ്ഞത്. എല്ലാം ഒരേ ഇനത്തിൽ. മൂന്ന് മീറ്റർ സിംക്രണൈസ്ഡ് ഡൈവിങിൽ. റിയോയിൽ കൂട്ടുകാരി ഷി ടിൻഗാമോക്കൊപ്പമായിരുന്നു സ്വർണ്ണനേട്ടം.
റിയോയിൽ മൂന്നു മീറ്റർ സ്പ്രിങ് ബോർഡ് ഡൈവിങ്ങിൽ വു-ഷി സഖ്യം 345.60 പോയന്റുമായാണ് സ്വർണം നേടിയത്. വെള്ളി നേടിയ ഇറ്റലിയുടെ ടാനിയ കാഗ്‌നോട്ടോ-ഫ്രാൻസെസ്‌കാ ഡാല്ല സഖ്യത്തിന് 313.83 പോയന്റ് നേടാനേ കഴിഞ്ഞുള്ളൂ. ഓസ്‌ട്രേലിയയുടെ മാഡിസൺ കീനി-അനബെലെ സ്മിത്ത് സഖ്യം 299.19 പോയന്റുമായി വെങ്കലം നേടി.
2004ലെ ഏതൻസിലാണ് വു മിൻസിയ തന്റെ ഒളിമ്പിക് സ്വർണ്ണവേട്ടക്ക് തുടക്കമിട്ടത്. തുടർന്ന് നാല് ഒളിമ്പിക്‌സുകൡ സ്വർണ്ണം മറ്റാർക്കും വിട്ടുകൊടുത്തില്ല. ഇതോടെ ഒരു ചരിത്രവും വു മിൻസിയക്ക് സ്വന്തം. മൂന്ന് മീറ്റർ സിംക്രണൈസ്ഡ് ഡൈവിങിൽ തുടർച്ചയായി നാല് ഒളിമ്പിക്‌സുകളിൽ സ്വർണ്ണം നേടിയ ഏക താരമെന്ന ബഹുമതിയാണ് 30കാരിയായ വു മിൻസിയക്ക് സ്വന്തമായത്.
നാല് സ്വർണ്ണത്തിൽ മൂന്നെണ്ണവും വ്യത്യസ്ത പങ്കാളികളുമായാണ് വു സ്വർണത്തിൽ മുത്തമിട്ടത്. ഇതിനൊപ്പം മറ്റു ചില റെക്കോർഡുകളും വു സ്വന്തമാക്കി.
ഒളിമ്പിക് ചരിത്രത്തിൽ അഞ്ചു സ്വർണമെഡൽ നേടുന്ന ഏക ഡൈവിങ് താരമാണ് അവർ. ലണ്ടനിൽ മൂന്നുമീറ്റർ വ്യക്തിഗത മത്സരത്തിലും അവർ സ്വർണ്ണം നേടിയിരുന്നു. ഒളിമ്പിക്‌സിൽ സ്വർണം നേടുന്ന ഏറ്റവും പ്രായംകൂടിയ ഡൈവിങ് താരവും വു തന്നെ. 1972ലെ മ്യൂണിക് ഗെയിംസിൽ മൂന്നു മീറ്റർ സ്പ്രിങ് ബോർഡ് ഡൈവിങ്ങിൽ സ്വർണംനേടിയ അമേരിക്കയുടെ മിക്കി കിങ്ങിന്റെ റെക്കോഡാണ് വു മറികടന്നത്. 28-ാം വയസ്സിലായിരുന്നു കിങ്ങിന്റെ സുവർണനേട്ടം.
അഞ്ച് ഒളിമ്പിക് സ്വർണ്ണത്തിന് പുറമെ ഒരു വെള്ളിയും വെങ്കലവും ഈ ചൈനീസ് താരത്തിന് സ്വന്തം. 2004-ൽ വനിതകളുടെ മൂന്ന് മീറ്റർ വ്യക്തിഗത സ്പ്രിങ് ബോർഡ് ഡൈവിങിൽ വെള്ളി നേടിയപ്പോൾ 2008 ബീജിങിൽ ഇതേയിനത്തിൽ വെങ്കലവുംേനടി. ലോക ചാമ്പ്യൻഷിപ്പിൽ എട്ട് സ്വർണ്ണവും അഞ്ച് വെള്ളിയും ഒരു വെങ്കലവുമാണ് വു മിൻസിയയുടെ ശേഖരത്തിലുള്ളത്. 2001-ൽ ഫുക്കോവയിൽ തുടങ്ങി 2015ലെ 2015ൽ കസാനിൽ വരെ സ്വർണ്ണം കൈവിട്ടുപോയത് ഒരിക്കൽ മാത്രം. 2005-ൽ മോണ്ട്‌റിയലിൽ.
ഏഷ്യൻ ഗെയിംസിൽ അഞ്ച് സ്വർണ്ണവും ഒരു വെള്ളിയും സ്വന്തമാക്കി. 2002-ൽ ബുസാനിൽ മൂന്ന് മീറ്റർ സിംക്രണൈസ്ഡ് ഡൈവിങിൽ സ്വർണ്ണം, മൂന്ന് മീറ്റർ സ്പ്രിങബോർഡ് വ്യക്തിഗത ഡൈവിങിൽ വെള്ളി, 2006-ൽ ദോഹയിൽ ഒരു മീറ്റർ, മൂന്ന് മീറ്റർ വ്യക്തിഗത സ്പ്രിങ് ബോർഡ് ഡൈവിങിൽ സ്വർണ്ണം, 2010ൽ ഗ്വാങ്ഷുവിൽ 1 മീറ്റർ സ്പ്രിങ് ബോർഡ് ഡൈവിങിൽ സ്വർണ്ണം, 2014 ഇഞ്ചിയോണിൽ മൂന്ന് മീറ്റർ സിംക്രണൈസ്ഡ് ഡൈവിങിൽ സ്വർണ്ണം എന്നിവയാണ് ഏഷ്യൻ ഗെയംസിലെ നേട്ടങ്ങൾ.
















