മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരസഭയ്‌ക്ക് മുന്നറിയിപ്പ് നല്‍കി മന്ത്രി എ.കെ.ബാലന്‍. പട്ടികജാതി വിഭാഗക്കാര്‍ക്കായി നിര്‍മ്മിച്ച ഒരു ഫ്‌ളാറ്റിന് 10 ലക്ഷം രൂപയിലേറെ ചെലവഴിച്ചതിനാണ് സിപിഎം നേതൃത്വം നല്‍കുന്ന മട്ടന്നൂര്‍ നഗരസഭാ ഭരണസമിതിയെ മന്ത്രി വിമര്‍ശിച്ചത്. കല്ലൂര്‍ മിനി വ്യവസായ പാര്‍ക്കിന് സമീപത്തായി നിര്‍മ്മിച്ച അയ്യങ്കാളി പാര്‍പ്പിട സമുച്ചയത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടികജാതി വിഭാഗത്തില്‍പെട്ടവര്‍ക്ക് ഭവന നിര്‍മ്മാണത്തിന് മൂന്ന് ലക്ഷവും പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പെട്ടവര്‍ക്ക് മൂന്നര ലക്ഷവും മാത്രമേ നല്‍കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സാധിക്കൂ എന്നിരിക്കെയാണ് നിയമങ്ങള്‍ മറികടന്ന് നഗരസഭ 45 ലക്ഷത്തിലേറെ രൂപ ചെലവഴിച്ച് 4 പട്ടികജാതി കുടുംബങ്ങള്‍ക്ക് ഫ്‌ളാറ്റ് നിര്‍മ്മിച്ച് നല്‍കിയത്. ഇത് നിയമലംഘനമായതിനാല്‍ ഓഡിറ്റ് നടക്കുമ്പോള്‍ നഗരസഭയ്‌ക്ക് തിരിച്ചടിയാകുമെന്നും ഇതിനുള്ള പരിഹാരം നഗരസഭ തന്നെ കാണണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
മുറ്റത്ത് ഇന്റര്‍ലോക്ക് പാകുന്നതിനടക്കം 45 ലക്ഷത്തിലേറെ രൂപ ചെലവിട്ട് പണിത നഗരസഭയുടെ അയ്യങ്കാളി പാര്‍പ്പിട സമുച്ചയത്തില്‍ 4 ഫ്‌ളാറ്റുകളാണ് ഉള്ളത്. എന്നാല്‍ 4 ഫ്‌ളാറ്റുകളുടെ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്ന കാര്യത്തിലും നഗരസഭ കടുത്ത അനാസ്ഥയാണ് കാണിച്ചിരിക്കുന്നത്. ആറ് അപേക്ഷകളാണ് ഫ്‌ളാറ്റിനായി സമര്‍പ്പിക്കപ്പെട്ടതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച നഗരസഭാ ചെയര്‍മാന്‍ കെ.ഭാസ്‌കരന്‍ മാസ്റ്റര്‍ പറഞ്ഞു. ഇതില്‍ നിന്നാണ് നാലുപേരെ തെരഞ്ഞെടുത്തത്. എന്നാല്‍ നഗരസഭ അപേക്ഷ നല്‍കാനായി വേണ്ടവിധം പ്രചരണം നടത്തിയിട്ടില്ലെന്നും കടുത്ത ആക്ഷേപമുണ്ട്. അര്‍ഹതയുള്ളവരെ പുറത്താക്കി അനര്‍ഹരാണ് ഗുണഭോക്താക്കളായി മാറിയതെന്നും പരക്കെ ആക്ഷേപമുണ്ട്.
ചടങ്ങില്‍ നഗരസഭാഗം സി.വി.ശശിധരന്‍ സ്വാഗതം പറഞ്ഞു. നഗരസഭാ സെക്രട്ടറി സുരേശന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭാംഗങ്ങളായ വി.എന്‍.സത്യേന്ദ്രനാഥന്‍, പി.വി.ധനലക്ഷ്മി, ഇ.പി.ഷംസുദ്ദീന്‍, അനിതാ വേണു, ഷാഹിന സത്യന്‍, വി.ദാമോദരന്‍, രാഷ്‌ട്രീ. പാര്‍ട്ടി നേതാക്കളായ സി.വി.വിജയന്‍ മാസ്റ്റര്‍, എം.ദാമോദരന്‍ മാസ്റ്റര്‍, എന്‍.വി.ചന്ദ്രബാബു, എന്‍.സി.സുമോദ്, സന്തോഷ് മാവില തുടങ്ങിയവര്‍ സംസാരിച്ചു. നഗരസഭാ പ്രിന്‍സിപ്പല്‍ എഞ്ചിനിയര്‍ പി.വി.ഷീബ നന്ദി പറഞ്ഞു.
















