റിയോ ഡി ജനീറോ: അമ്പെയ്‌ത്ത് ടീം ഇനത്തിൽ ഇന്ത്യ ക്വാർട്ടറിൽ പുറത്തായതിനു പിന്നാലെ സിംഗിൾസിൽ ലക്ഷ്മിറാണി മാജിയും പുറത്ത്. റൗണ്ട് ഓഫ് 64-ൽ സ്ലോവാക്യയുടെ അലക്‌സാൻഡ്ര ലോഗോവയോടാണ് ലക്ഷ്മിറാണി തോറ്റത് (7-1).
മൂന്നാം റൗണ്ടിൽ മാത്രമാണ് ലക്ഷ്മിറാണിക്ക് അലക്‌സാൻഡ്രയ്‌ക്കൊപ്പമെത്താനായത്. ഈ സെറ്റിലാണ് ഒരു പോയിന്റ് ലഭിച്ചതും. 25, 26, 26, 24 എന്നിങ്ങിനെയാണ് പോയിന്റുകൾ. മൂന്നാമത്തെ സെറ്റിലെ മൂന്നാമത്തെ അമ്പിൽ പത്ത് പോയിന്റും ആറ് തവണ ഒൻപത് പോയിന്റും ലഭിച്ചു. 27, 28, 26, 27 എന്നിങ്ങിനെയാണ് അലക്‌സാൻഡ്രയുടെ പോയിന്റ്.
ഇന്ന് പുരുഷന്മാരുടെ റൗണ്ട് ഓഫ് 64-ൽ ഇന്ത്യയുടെ അതനു ദാസ് മത്സരിക്കാനിറങ്ങും. നേപ്പാളിന്റെ ജിത്ബഹാദൂർ മുക്തൻ എതിരാളി. വൈകിട്ട് 5.30ന് മത്സരം ആരംഭിക്കും.
കഴിഞ്ഞ ദിവസം വനിതാ ടീം ഇനത്തിലും ഇന്ത്യ പുറത്തായിരുന്നു. ക്വാർട്ടർ ഫൈനലിൽ റഷ്യയോട് പരാജയപ്പെട്ടായിരുന്നു ഇന്ത്യ മടങ്ങിയത്. ടൈബ്രേക്കറിലായിരുന്നു ഇന്ത്യ പരാജയം ഏറ്റുവാങ്ങിയത്. ബൊംബെയ്‌ല ദേവി ഇന്ത്യക്കായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും ദീപികാ കുമാരിയും ലക്ഷ്മിറാണി മഞ്ചിയും നിലവാരത്തിനൊത്തുയരാതിരുന്നതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ഇരുവരുടെയും അമ്പുകൾ പലപ്പോഴും ലക്ഷ്യത്തിൽ നിന്നും ദൂരെയാണ് തറച്ചത്.
















