റിയോ ഡി ജനീറോ: ബ്രിട്ടീഷ് നീന്തൽതാരത്തിന് ചരിത്ര നേട്ടം. രണ്ട് ദിവസത്തിനിടെ രണ്ട് തവണ തന്റെ തന്നെ പേരിലുള്ള ലോക റെക്കോർഡ് തിരുത്തിക്കുറിച്ച് ബ്രിട്ടന്റെ ആദം പെറ്റി പൊന്നണിഞ്ഞു. പുരുഷന്മാരുടെ 100 മീറ്റർ ബ്രസ്റ്റ് സ്‌ട്രോക്കിലായിരുന്നു ആദം പെറ്റിയുെട മിന്നുന്ന പ്രകടനം.
ഫൈനലിൽ 57.13 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ആദം പെറ്റി പുതിയ ലോക റെക്കോർഡ് സ്ഥാപിച്ചത്.
നേരത്തെ ഹീറ്റ്‌സിൽ 57.55 സെക്കൻഡിൽ നീന്തിയെത്തി ലോക റെക്കോർഡ് തിരുത്തിയിരുന്നു. 2015 ഏപ്രിൽ 17ന് ലണ്ടനിൽ താൻ തന്നെ സൃഷ്ടിച്ച 57.92 സെക്കൻഡിന്റെ ലോക റെക്കോർഡാണ് പെറ്റി ഹീറ്റ്‌സിൽ പഴങ്കഥയാക്കിയത്. ഫൈനലിൽ ഇത് വീണ്ടും തിരുത്തിക്കുറിച്ചു. ദക്ഷിണാഫ്രിക്കയുടെ കാമറോൺ വാൻ ഡെർ ബർഗിന്റെ പേരിലുള്ള 58.46 സെക്കൻഡിന്റെ ഒളിമ്പിക് റെക്കോർഡും പെറ്റിയുടെ കുതിപ്പിൽ നിലംപറ്റി.
കഴിഞ്ഞ ലണ്ടൻ ഒളിമ്പിക്‌സിലായിരുന്നു ദക്ഷിണാഫ്രിക്കൻ താരം ഒളിമ്പിക് റെക്കോർഡ് സ്വന്തമാക്കിയത്. 58.69 സെക്കൻഡിൽ കാമറോൺ വാൻ ഡെർ ബർഗ് വെള്ളിയും 58.87 സെക്കൻഡിൽ അമേരിക്കയുടെ കോഡി മില്ലർ വെങ്കലവും നേടി.
1988-ന് ശേഷം നീന്തലിൽ ബ്രിട്ടന് വേണ്ടി ഒളിമ്പിക് സ്വർണം നേടുന്ന ആദ്യ താരമെന്ന ബഹുമതിയും ആദം പെറ്റിയെന്ന ഇരുപത്തിയൊന്നുകാരൻ സ്വന്തമാക്കി. സോൾ ഒളിമ്പിക്‌സിൽ അഡ്രിയാൻ മൂർഹൗസാണ് ബ്രിട്ടന് വേണ്ടി നീന്തലിൽ അവസാനമായി സ്വർണം നേടിയത്.
















