റിയൊ ഡി ജനീറോ: പുതിയ വേഗവും ഉയരവും തേടി, പുത്തന്‍ താരോദയങ്ങളെ കാത്ത് ഒളിമ്പിക് ഗെയിംസിന് ബ്രസീലിലെ റിയൊ ഡി ജനീറൊയില്‍ തുടക്കം. പ്രതിസന്ധികള്‍ക്കിടയിലും ഉദ്ഘാടനച്ചടങ്ങ് ഗംഭീരമാക്കിയ റിയൊ, കാത്തുവച്ചതെന്തെന്ന് ഇനിയുള്ള ദിവസങ്ങള്‍ പറയും.
ഇന്ത്യന്‍ സമയം ഇന്നലെ പുലര്‍ച്ചെ നാലരയ്‌ക്ക് ദീര്‍ഘദൂര ഓട്ടക്കാരനായിരുന്ന വാന്‍ഡര്‍ ലെ കോര്‍ഡെയ്‌റോ ഡി ലി, മാരക്കാനയില്‍ സജ്ജമാക്കിയ വേദിയില്‍ ദീപം പകര്‍ന്നതോടെ മുപ്പത്തിയൊന്നാം ഒളിമ്പിക്‌സിന് ഔദ്യോഗിക തുടക്കം.
സെയ്‌ലിങ് താരം റോബര്‍ട്ട് ഷെയ്ഡ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബ്രസീലിന്റെ ഇടക്കാല പ്രസിഡന്റ് മൈക്കിള്‍ ടെമര്‍, ഗെയിംസ് ആരംഭിച്ചതായി പ്രഖ്യാപിച്ചു. തുടര്‍ന്നു നടന്ന മാര്‍ച്ച് പാസ്റ്റില്‍ 95-ാമതായാണ് ഇന്ത്യ അണിനിരന്നത്. ഒളിമ്പിക്‌സില്‍ രാജ്യത്തിന്റെ ഏക സ്വര്‍ണ മെഡല്‍ ജേതാവ് അഭിനവ് ബിന്ദ്ര ത്രിവര്‍ണ പതാകയേന്തി.
















