വാന്‍ഡര്‍ലെ കോര്‍ഡെയ്‌റോ ഡി ലിമ
ഒളിമ്പിക് ദീപം തെളിയിക്കുന്നു
ദീപം തെളിയിക്കാൻ പെലെ ഇല്ലെന്നു പറഞ്ഞതോടെ പിന്നെയാര് എന്നതായിരുന്നു മാരക്കാനയിൽ ഇന്നലെ മുഴങ്ങിക്കേട്ടത്. ഗുസ്താവോ കുർട്ടൻ ദീപശിഖയുമായി മൈതാനത്തേക്ക് കയറിയതോടെ ആ ചോദ്യത്തിനും ഉത്തരമായി. ദീർഘദൂര ഓട്ടക്കാരനായിരുന്ന വാൻഡർലെ കോർഡെയ്‌റോ ഡി ലിമ. ബ്രസീൽ കായിക ചരിത്രത്തിലെ മഹത്തായ പേരാണ് ലിമയുടേത്. 2004 ഏതൻസ് ഗെയിംസിൽ മാരത്തണിൽ സ്വർണത്തിലേക്ക് കുതിക്കുകയായിരുന്നു ലിമ. ഏറെക്കുറെ അവസാന ഘട്ടത്തിലെത്തിയപ്പോൾ, കാണികളിൽ നിന്നൊരാൾ ലിമയുടെ സഞ്ചാരം തടഞ്ഞു. വഴിയരികിലേക്കു താരത്തെ തള്ളിമാറ്റി. പിന്നീട് പോലീസും മറ്റും ഇടപെട്ട് ലിമയെ മോചിപ്പിച്ചു. ഓട്ടം തുടർന്നെങ്കിലും വെങ്കലം നേടാനേ ഇദ്ദേഹത്തിനായുള്ളു. അന്ന് നഷ്ടമായത് ബ്രസീലിനൊരു സ്വർണം. മഹാമേള നാട്ടിലെത്തിയപ്പോൾ ലിമയെ ആദരിക്കാൻ ഇതിൽ കൂടുതൽ എന്തു നൽകാൻ. ഒളിമ്പിക് ചരിത്രത്തിൽ അങ്ങനെ ലിമ വീണ്ടും ഇടംനേടി.
















